മാധ്യമങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട ആളോടുള്ള സ്നേഹമല്ല, സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമം; സിഒടി നസീര്‍ വധശ്രമക്കേസില്‍ പ്രതികരണവുമായി എഎന്‍ ഷംസീര്‍

single-img
18 June 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്രനായി മത്സരിച്ച സിഒടി നസീറിനെതിരെ നടന്ന വധശ്രമ കേസില്‍ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന്‍ എഎന്‍ ഷംസീര്‍. മാധ്യമങ്ങള്‍ക്ക് ആക്രമിക്കപ്പെട്ട ആളോടുള്ള സ്നേഹമല്ല എന്നും സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷംസീര്‍ കുറ്റപ്പെടുത്തി.

ഇന്ന് തലശേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഷംസീറിന്റെ പ്രതികരണം.
എഎന്‍ ഷംസീറിനോടൊപ്പമുള്ളവരാണ് തന്നെ ആക്രമിച്ചതെന്നും പി ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ് വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ ആക്രമിച്ചതെന്നും നസീര്‍ ആരോപിച്ചിരുന്നു. തലശേരിയിലെ സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എഎന്‍ ഷംസീര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ നേരത്തേ ആരോപിച്ചിരുന്നു.

തനിക്കെതിരെ നടന്ന ആക്രമണത്തില്‍ ഷംസീറിന്റെ പേര് വെറുതെ പറഞ്ഞതല്ല. അക്രമിക്കാന്‍ ഉണ്ടായ സാഹചര്യം, പ്രതികളുമായുള്ള ബന്ധം ഇതൊക്കെ അന്വേഷിക്കേണ്ടത് പോലീസാണ്. ഷംസീര്‍ എനിക്ക് അടുത്തറിയാവുന്ന ആളാണ്. യാതൊരു നിയന്ത്രണവുമില്ലാതെ എന്റെ വീട്ടില്‍ ഇടപഴകിയിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ മാതാവിന് സുഖമില്ലാതെ വരുമ്പോള്‍ ഞാനാണ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ശത്രുവാകുന്നതാണ് എനിക്കു മനസ്സിലാകാത്തത്.- നസീര്‍ പറഞ്ഞിരുന്നു.