”സംഭവിക്കാൻ പാടില്ലായിരുന്നു; സമ്പത്തിന്റെ നമ്പറില്‍ വിളിച്ച് ഖേദം രേഖപ്പെടുത്തി”: ഷാഫി പറമ്പില്‍

single-img
17 June 2019

മുന്‍ എംപി എ സമ്പത്തിന്റെ കാറില്‍ എക്‌സ് എംപി എന്ന ബോര്‍ഡ് വച്ച ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച സംഭവത്തിൽ ഖേദ പ്രകടനവുമായി എംഎല്‍എ ഷാഫി പറമ്പില്‍ രംഗത്ത്. പോസ്റ്റ് കണ്ട് തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും ഖേദം അറിയിക്കുന്നു എന്ന് പറഞ്ഞ പോസ്റ്റില്‍ ഉത്തരവാദിത്തപ്പെട്ട നിഷേധക്കുറിപ്പൊ വാര്‍ത്തയോ വരാത്തത് കൊണ്ട് അത് ഒറിജിനല്‍ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാന്‍ പാടില്ലാത്തത് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സമ്പത്തിനെ പിന്തുണച്ച് എംഎല്‍എ ശബരീനാഥിന്റെ പോസ്റ്റ് വന്നതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി ഷാഫി പറമ്പില്‍ എത്തിയത്. സമ്പത്തിന്റെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചുവെന്നും ഷാഫി പറമ്പില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഷാഫി പറമ്പിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

തിരുവനന്തപുരം രജിസ്ട്രേഷൻ ഇന്നോവ കാറിലെ Ex MP ബോർഡുമായി ബന്ധപ്പെട്ട പോസ്റ്റ്‌ പിൻവലിക്കുന്നു.

അത്‌ വ്യാജമായിരുന്നു എന്ന് ഇപ്പോൾ വാർത്തകൾ പുറത്ത്‌ വരുന്നു. ഇത്‌ സംബന്ധിച്ച്‌ പല പോസ്റ്റുകളും വന്നതിന്‌ ശേഷവും ഉത്തരവാദിത്തപ്പെട്ട ഒരു നിഷേധക്കുറിപ്പൊ വാർത്തയോ വരാത്തത്‌ കൊണ്ട്‌ അത്‌ ഒറിജിനൽ ആണെന്ന് കരുതിയ ജാഗ്രതക്കുറവ് സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു .

എന്റെ പോസ്റ്റ്‌ കണ്ട്‌ തെറ്റിദ്ധാരണ ഉണ്ടായവരോടും വ്യക്തിപരമായ പ്രയാസം ഉണ്ടായവരോടും നിർവ്യാജമായ ഖേദം അറിയിക്കുന്നു.

ആരുടെയും പേര് പറയാതെ ഇട്ട പോസ്റ്റ് ആയിരുന്നെങ്കിലും ഇത് കാരണം തെറ്റിദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ നമ്പറിൽ വിളിച്ച് ഖേദം രേഖപ്പെടുത്തി .

സ്റ്റാഫ് അംഗമാണ് ഫോണിൽ സംസാരിച്ചത് .