ഗൾഫ് മേഖല യുദ്ധഭീതിയിൽ; ഒമാന്‍ കടലില്‍ രണ്ട്‌ എണ്ണ ടാങ്കറുകള്‍ക്കു നേരേ ആക്രമണം

single-img
14 June 2019

ഒമാന്‍ കടലില്‍ രണ്ട്‌ എണ്ണ ടാങ്കറുകള്‍ക്കു നേരേ ആക്രമണമെന്നു റിപ്പോര്‍ട്ട്‌. ഒരുമാസത്തിനിടെയുണ്ടായ രണ്ടാമത്തെ സമാന സംഭവത്തിനുപിന്നില്‍ ഇറാനാണെന്ന്‌ ആരോപിച്ച്‌ അമേരിക്ക രംഗത്തെത്തി. ഇതോടെ നേരത്തേ തന്നെ സംഘര്‍ഷ ഭീതിയിലുള്ള മേഖലയില്‍ സ്‌ഥിതി കൂടുതല്‍ ഗുരുതരമായി.

ഇറാനിലെ അല്‍ അലാം ടെലിവിഷന്‍ നെറ്റ്‌വര്‍ക്കാണ്‌ ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്‌. വന്‍ശബ്‌ദത്തോടെ രണ്ടു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. തന്ത്രപ്രധാനമായ ഹോര്‍മുസ്‌ കടലിടുക്കിനു സമീപമാണു സംഭവം.

യുഎഇ, സൗദി എന്നിവിടങ്ങളില്‍നിന്ന്‌ സിങ്കപ്പൂരിലേക്കും തായ്‌വാനിലേക്കും പോയ കപ്പലുകള്‍ക്കു നേര്‍ക്കാണ്‌ ആക്രമണം. പനാമയുടെയും മാര്‍ഷല്‍ ഐലന്റ്‌സിന്റെയും പതാക വഹിക്കുന്ന കപ്പലുകളാണിത്‌. ഇറാന്‍ തീരത്തിനു സമീപം യാത്ര ചെയ്യുമ്പോഴാണു സംഭവമെന്നും പറയപ്പെടുന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന്‌ അഗ്നിബാധയുണ്ടായ കപ്പലുകളില്‍നിന്നു മുഴുവന്‍ നാവികരെയയും രക്ഷിച്ചതായാണു റിപ്പോര്‍ട്ട്‌.

രണ്ടു കപ്പലുകളില്‍നിന്നുമായി 44 നാവികരെ തങ്ങള്‍ രക്ഷിച്ചെന്ന്‌ ഇറാന്‍ അവകാശപ്പെട്ടു. ഇത്‌ അര്‍ധസത്യം മാത്രമാണെന്നും മേഖലയിലുണ്ടായിരുന്ന തങ്ങളുടെ കപ്പലാണ്‌ 21 നാവികരെ രക്ഷിച്ചതെന്നും സംഭവത്തിലെ ഇറാന്റെ പങ്കാളിത്തം നിരാകരിക്കാതെ അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു. മൈന്‍, ടോര്‍പിഡോ എന്നിവയിലൊന്നാണ്‌ സ്‌ഫോടനത്തിനുപിന്നിലെന്നു സംശയിക്കുന്നതായി നാവികരിലൊരാള്‍ വെളിപ്പെടുത്തിയതായും അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.