ബിജെപിയിലെ അതികായൻ അമിത്ഷാ തന്നെ; അമിത്ഷാ പാർട്ടി പ്രസിഡൻ്റായി തുടരും; തെരഞ്ഞെടുക്കുന്നത് വർക്കിങ് പ്രസിഡൻ്റിനെ മാത്രം

single-img
12 June 2019

അമിത്ഷായെ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയേക്കില്ലെന്നു സൂചനകൾ. കേന്ദ്ര ആഭ്യന്തരമന്ത്രിയായും എട്ടോളം മന്ത്രിസഭാ സമിതികളില്‍ ഉണ്ടെങ്കിലൂം ഡിസംബര്‍ വരെയെങ്കിലും അമിത്ഷാ തന്നെ ബിജെപി പ്രസിഡന്റ് സ്ഥാനത്തും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി അധീശത്വം കാണിക്കേണ്ട സാഹചര്യം നില നില്‍ക്കുന്നതിനാലാണ് ഇത്തരമൊരു നീക്കം ബിജെപിയിൽ നടക്കുന്നത്.

വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും വന്‍ വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലൂം ബിജെപിയ്ക്ക് ഭരണം നില നിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ അമിത്ഷാ തന്നെ നിലനില്‍ക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം.

ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അറിയുന്നു. ഏതുനിമിഷവും ഉണ്ടായേക്കാവുന്ന കര്‍ണാടകയിലെ തെരഞ്ഞെടുപ്പും ബിജെപിയുടെ അജണ്ടയിലുണ്ട്.

കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യഭരണം ഏതു നിമിഷവും അവസാനിച്ചേക്കാമെന്ന ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ഇവിടെ കേവല ഭൂരിപക്ഷത്തിന് ഏഴു സീറ്റുകള്‍ കുറവുള്ള ബിജെപി പിന്തുണ കണ്ടെത്തിയില്ലെങ്കില്‍ അവിടെയും തെരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കും. .

അമിത് ഷായുടെ കാലാവധി 2019 ജനുവരിയില്‍ അവസാനിക്കേണ്ടതായിരുന്നു. ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഷാ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് തീരുമാനം. 2018 സെപ്റ്റംബര്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം സംഘടന തിരഞ്ഞെടുപ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതാണ് പ്രസിഡന്റ് സ്ഥാനത്ത് അമിത് ഷായുടെ കാലാവധി നീട്ടിക്കൊടുത്തത്.

ഡിസംബര്‍ വരെ അമിത് ഷാ തന്നെ പ്രസിഡന്റായി തുടരുമെന്ന് ഏതാണ്ട് ഉറപ്പിച്ചെങ്കിലും ഒരു വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കാനുള്ള സാധ്യത ബിജെപി നേതൃത്വം തള്ളിക്കളയുന്നില്ല. ഡിസംബറില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.