മലയാളികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയിരുന്ന കാസര്‍കോട് സ്വദേശി ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

single-img
3 June 2019

കേരളത്തില്‍ നിന്ന് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുല്ല അഫ്ഗാനില്‍ കൊല്ലപ്പെട്ടതായി സൂചന. യുഎസ് സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയില്‍നിന്ന് ടെലഗ്രാം വഴിലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്. നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല. കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍.

ഇതിനു മുന്‍പും റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ശബ്ദ സന്ദേശത്തോടെ റാഷിദ് തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. റാഷിദിനൊപ്പം രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

2016 മേയ് മാസത്തിലാണ് റാഷിദിന്റെ നേതൃത്വത്തില്‍ 21 പേര്‍ ഐഎസില്‍ ചേരാന്‍ നാടുവിട്ടത്. സലഫി പ്രഭാഷകന്‍ എം.എം.അക്ബറിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്. 2016ല്‍ ഇയാള്‍ക്കൊപ്പം ഭാര്യയും ബന്ധുക്കളും ഇന്ത്യ വിട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ എത്തിയശേഷം മലയാളി യുവാക്കളെ ലക്ഷ്യമിട്ട് ഇയാള്‍ വ്യാപകമായി ടെലഗ്രാം അക്കൗണ്ടിലൂടെ സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നെന്നും അന്വേഷണത്തില്‍ എന്‍ഐഎ കണ്ടെത്തിയിരുന്നു.