2 വാക്കുകളിലെ അക്ഷരത്തെറ്റ്; ഒടുവില്‍ സമൂഹമാധ്യമത്തിലെ ഐപിഎസ് പുലി ‘വീണു’; പൊലീസുകാരെപ്പോലും പറ്റിച്ചത് പ്ലസ് ടു തോറ്റ പയ്യന്‍

single-img
3 June 2019

മോട്ടിവേഷന്‍ ക്ലാസുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ വ്യാജ ഐപിഎസ് ഓഫീസര്‍ അറസ്റ്റില്‍. 20കാരനായ പ്രതി അഭയ് മീണ പ്ലസ് ടു പരാജയപ്പെട്ട ശേഷം ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഐഐടി, യുപിഎസ്‌സി പരീക്ഷകള്‍ക്ക് സഹായിക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കി നിരവധി ഉദ്യോഗാര്‍ത്ഥികളെയാണ് കബളിപ്പിച്ചത്.

ജഗത്പുരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വെള്ളിയാഴ്ച അഭയ് മീണയെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും തന്റെ സ്വാധീനം ഉപയോഗിക്കുമെന്നും പറഞ്ഞ് ഇയാള്‍ പൊലീസിനെ വിരട്ടാന്‍ നോക്കി. പക്ഷേ പൊലീസ് ഇയാളെ തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു.

പരിശീലന പരിപാടികളില്‍ പൊലീസുകാര്‍ക്കു മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചിട്ടുണ്ട് ഈ ‘ഐപിഎസുകാരന്‍.’ ഡല്‍ഹി കേഡറിലെ ഓഫിസറാണെന്നു തെറ്റിദ്ധരിപ്പിച്ച് ബില്‍ അടയ്ക്കാതെ പങ്കാളിക്കൊപ്പം മുന്തിയ ഹോട്ടലുകളിലായിരുന്നു താമസം.

3 നക്ഷത്രങ്ങള്‍ പിടിപ്പിച്ച കാറിലായിരുന്നു യാത്ര. ‘ഉന്നതോദ്യോഗസ്ഥനെ’ സല്യൂട്ട് ചെയ്ത മുതിര്‍ന്ന പൊലീസുകാര്‍ വരെ ജയ്പുരിലുണ്ട്. ഇത്ര ചെറുപ്പത്തിലേ ഐപിഎസ് കിട്ടുമോയെന്ന സംശയം ഒരാള്‍ ഉന്നയിച്ചപ്പോള്‍ അഭയ് തന്റെ കാര്‍ഡ് നീട്ടി. അതില്‍ ‘Crime Branch’ എന്നെഴുതിയതില്‍ ‘branche’ തെറ്റി. ‘capital’ എഴുതിയപ്പോള്‍ ‘capitol’ ആവുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പു പുറത്തായത്.