വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി യുഎസ്: ഇനി മുതല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങളും നല്‍കണം

single-img
2 June 2019

യുഎസ് വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും സമര്‍പ്പിക്കണമെന്ന് പുതിയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ പേരുകള്‍, അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

വര്‍ഷംതോറും 14.7 മില്ല്യണ്‍ ആളുകളെയാണ് പുതിയ നിയമം ബാധിക്കുക. നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്കും നിയമത്തില്‍ ഇളവുണ്ട്. ഇതോടെ പഠന സംബന്ധമായ ആവശ്യങ്ങള്‍ക്കും ജോലി തേടിയും യുഎസിലേക്ക് പോകുന്നവരെ പുതിയ നിയമം ബാധിക്കും.

യുഎസ് പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കാനും അനധികൃത കടന്നുകയറ്റങ്ങള്‍ ഒഴിവാക്കാനുമാണ് വിസ നിയമം കര്‍ശനമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. യുഎസ് വിസ നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശം മെയ് 23 ന് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് അംഗീകരിച്ചിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് പുതിയ നിര്‍ദ്ദേശമെന്ന് അമേരിക്ക വിശദമാക്കി.

തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുള്ള മേഖലകളിലുള്ളവര്‍ അപേക്ഷിക്കുമ്പോള്‍ മാത്രമായിരുന്നു മുമ്പ് അധിക വിവരങ്ങള്‍ തേടിയിരുന്നതും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയിരുന്നതും. എന്നാലിപ്പോള്‍ എല്ലാ അപേക്ഷകരും തങ്ങളുള്‍പ്പെട്ട എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലെയും പേര് വിവരങ്ങള്‍ കൈമാറണം. ഇതു സംബന്ധിച്ച് ആരെങ്കിലും കളവ് പറയാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.
…………….: