അമിതമായ ടിക് ടോക് ഉപയോഗം: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

single-img
2 June 2019

അമിതമായ ടിക് ടോക് ഉപയോഗത്തിന്റെ പേരില്‍ ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ എആര്‍ നഗര്‍ സ്വദേശിനി നന്ദിനിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 28 വയസായിരുന്നു. നന്ദിനിക്ക് കുത്തേറ്റയുടന്‍ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ഭര്‍ത്താവ് കനകരാജിനെ രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തു.

കുറച്ചുകാലമായി അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ പേരില്‍ ഭര്‍ത്താവുമായി പിരിഞ്ഞ് എആര്‍ നഗറില്‍ താമസിക്കുകയായിരുന്നു നന്ദിനി. നന്ദിനി ടിക് ടോക് വീഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുന്നതറിഞ്ഞ കനകരാജ്, നന്ദിനി അറ്റന്‍ഡറായ സ്വകാര്യ കോളജിലെത്തി വകവരുത്തുകയായിരുന്നു.

കോളേജില്‍ എത്തുന്നതിന് മുന്‍പ് നന്ദിനിയെ പലതവണ കനകരാജ് ഫോണില്‍ വിളിച്ചെങ്കിലും, ഫോണ്‍ തിരക്കിലായതും ഇയാളെ പ്രകോപിപ്പിച്ചു. കനകരാജ് കൃത്യം ചെയ്യുമ്പോള്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കയ്യില്‍ കത്തി കരുതിയാണ് ഇയാള്‍ നന്ദിനിയുടെ ജോലിസ്ഥലത്ത് എത്തിയത് എന്ന് പൊലീസ് പറയുന്നു. ഈ കത്തി പൊലീസ് കണ്ടെത്തി.