പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവ്: വീഡിയോ പരിശോധിക്കുമെന്ന് കേരളാ പൊലീസ്: വിവാദത്തിന് പിന്നാലെ അത് ടിക് ടോകെന്ന് പറഞ്ഞ് വിശദീകരണ വീഡിയോ

single-img
2 June 2019

സോഷ്യല്‍ മീഡിയയില്‍ വലിയ രോഷത്തിനിടയാക്കിയ വീഡിയോയില്‍ വിശദീകരണവുമായി യുവാവും യുവതിയും രംഗത്ത്. അത് ടിക്ക് ടോക്കിന് വേണ്ടി ചെയ്ത വീഡിയോ ആണെന്നും തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും പുതിയ വീഡിയോയില്‍ ഇരുവരും പറയുന്നു. നേരത്തെ, കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ യുവാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണ വീഡിയോ പുറത്തുവന്നത്.

സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തിയാണ് യുവാവും യുവതിയും വിഡിയോയിലെത്തിയിരിക്കുന്നത്. രാവിലെ നോക്കുമ്പോള്‍ ആണ് വീഡിയോ വൈറലായത് കണ്ടതെന്നും അത് വെറുതെ ടിക് ടോക്കിന് വേണ്ടിയെടുത്തതാണെന്നാണ് വിശദീകരണം. തങ്ങള്‍ നേരത്തെ ഒരുമിച്ച് പഠിച്ചതാണെന്നും യുവാവ് പറയുന്നു. വീഡിയോ പകര്‍ത്തിയ സുഹൃത്തും വീഡിയോയിലുണ്ട്.

പെണ്‍കുട്ടിയുമായി സംസാരിച്ചിരിക്കുകയാണ് വീഡിയോയില്‍ യുവാവ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സുഹൃത്തുക്കള്‍ ‘അടിക്കെടാ’ എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പിന്നാലെ പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് ആഞ്ഞടിക്കുകയായിരുന്നു.