ബിന്ദു കൃഷ്ണയെ വിമര്‍ശിക്കാന്‍ പോസ്റ്റിട്ട് സ്വയം വെട്ടിലായി പ്രതിഭ എംഎല്‍എ

single-img
2 June 2019

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ വിമര്‍ശിക്കാന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സ്വയം വെട്ടിലായിരിക്കുകയാണ് കായംകുളം എംഎല്‍എ യു.പ്രതിഭ. ബിന്ദു കൃഷ്ണയ്ക്ക് മകനെ കേന്ദ്രീയ വിദ്യാലയത്തില്‍ അയക്കുന്നതിന് പകരം സര്‍ക്കാര്‍ വിദ്യാലയത്തില്‍ അയച്ചൂടെ എന്ന് ഉപദേശിച്ച് പ്രതിഭ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് അമളി പറ്റിയത്. കേന്ദ്രീയ വിദ്യാലയം സര്‍ക്കാര്‍ വിദ്യാലയമാണെന്നുള്ള അറിവ് പോലും എംഎല്‍എക്ക് ഇല്ലേ എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരിഹാസം.

അതിനിടെ, പ്രതിഭ എംഎല്‍എയ്ക്ക് മറുപടിയുമായി ബിന്ദു കൃഷ്ണയും രംഗത്തെത്തി. മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി മാസം 200രൂപ ചിലവഴിക്കുന്നത് മഹാ അപരാധമാണോയെന്ന് ബിന്ദു കൃഷ്ണ പോസ്റ്റില്‍ ചോദിക്കുന്നു. മാസം 200 രൂപ മാത്രം അധ്യാപനഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് തങ്ങളുടെ മകന്‍ പഠിക്കുന്നതെന്നും കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോള്‍ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എ കരുതിക്കാണുമെന്നും ബിന്ദു കൃഷ്ണ പറയുന്നു.

മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി മാസം 200രൂപ ചിലവഴിക്കുന്നതും മഹാ അപരാധമാണോയെന്ന് ചോദിക്കുന്ന ബിന്ദു കൃഷ്ണ കേന്ദ്രസര്‍ക്കാര്‍ ഇനി എത്ര പഠനദിവസം വച്ചാലും കേരളം പെരുന്നാള്‍ ആഘോഷിക്കുന്ന ഒരു ദിവസം പോലും തന്റെ മകനെ സ്‌കൂളില്‍ വിടില്ലെന്നും വ്യക്തമാക്കുന്നു.

ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്,

‘മാസം 200 രൂപ മാത്രം അദ്ധ്യാപന ഫീസുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കൂളായ കേന്ദ്രീയ വിദ്യാലയത്തിലാണ് ഞങ്ങളുടെ മകന്‍ പഠിക്കുന്നത്. കേന്ദ്രീയ വിദ്യാലയമെന്ന് കേട്ടപ്പോള്‍ മാസം പതിനായിരം രൂപ ഫീസുള്ള ഏതോ പണച്ചാക്ക് സ്‌കൂളാണെന്ന് പ്രതിഭാ എംഎല്‍എ കരുതിക്കാണും. അതല്ലെങ്കില്‍ ആടിനെ പട്ടിയാക്കുന്ന സഖാക്കന്മാരുടെ സ്ഥിരം സ്വഭാവം ആ സഖാവിനെ പിടികൂടിയതാകാം. അതുമല്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന മക്കളുള്ള സഖാക്കന്മാര്‍ക്കുള്ള ഒളിയമ്പുമാകാം ആ കുട്ടിയുടെ പോസ്റ്റ്.

മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി മാസം 200രൂപ ചിലവഴിക്കുന്നതും മഹാ അപരാധമാണോ. ഒരു കാര്യത്തില്‍ പ്രതിഭ സംശയിക്കേണ്ട, കേന്ദ്ര സര്‍ക്കാര്‍ ഇനി എത്ര പഠനദിവസം വച്ചാലും കേരളം പെരുന്നാള്‍ ആഘോഷിക്കുന്ന ഒരു ദിവസം പോലും എന്റെ മകനെ സ്‌കൂളില്‍ വിടില്ല. മകന്റെ വിദ്യാഭ്യാസം ഒരു ദിവസം പോലും മുടങ്ങരുതെന്ന് ആഗ്രഹിക്കുന്ന മാതാവിനെക്കാള്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും മതേതര ഭാരതത്തെ തിരിച്ചുപിടിക്കാന്‍ പോരാട്ടം നയിക്കുന്ന മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് ഞാന്‍.’