കേന്ദ്രത്തില്‍ ബി.ജെ.പി ഒറ്റസീറ്റില്‍ ഒതുക്കാന്‍ നോക്കി; ബീഹാറില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച് നിതീഷ് കുമാര്‍

single-img
2 June 2019

ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു. ജെഡിയു അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് നിതീഷ് കുമാര്‍ ബീഹാറില്‍ മന്ത്രിസഭ വികസിപ്പിച്ചത്. എട്ട് ജെഡിയു എംഎല്‍എമാരാണ് സഹ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയില്‍ ജെഡിയുവിന് അവകാശപ്പെട്ട ഒഴിവുകളാണ് നികത്തിയതെന്നും, ബിജെപിയുമായി തര്‍ക്കങ്ങളൊന്നുമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഒരു മന്ത്രിസ്ഥാന മാത്രം നല്‍കുന്നതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സഭയില്‍ ചേരാനില്ലെന്ന് ജെഡിയു ദേശീയ അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിതീഷ് കുമാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചത്.

ഭാവിയിലും മോദി സര്‍ക്കാറിന്റെ ഭാഗമായി നില്‍ക്കില്ലെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി രാവിലെ പറഞ്ഞിരുന്നു. ഒരു സീറ്റുമാത്രമാണ് ബി.ജെ.പി ഞങ്ങള്‍ക്കു മാറ്റിവെച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘ബി.ജെ.പിയുമായി ഒരു ചര്‍ച്ചകള്‍ക്കും തയ്യാറല്ല. ബീഹാര്‍ തെരഞ്ഞെടുപ്പു വേളയില്‍ പോലും. കേന്ദ്രമന്ത്രിസഭയുടെ ഭാഗമായി ഞങ്ങളുണ്ടാവില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്.

കേന്ദ്രമന്ത്രിസഭയില്‍ പാര്‍ട്ടിക്ക് ഒരു ക്യാബിനറ്റ് റാങ്കിലുള്ള മന്ത്രിസ്ഥാനവും ഒരു മന്ത്രിസ്ഥാനവും ലഭിക്കുമെന്നായിരുന്നു ജെ.ഡി.യു പ്രതീക്ഷ. എന്നാല്‍ ഒരു കാബിനറ്റ് മന്ത്രിസ്ഥാനം മാത്രമാത്രമാണ് ബി.ജെ.പി ജെ.ഡി.യുവിന് വാഗ്ദാനം ചെയ്തത്.

കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മെയ് 29ന് നിതീഷ് കുമാര്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയും മുന്‍ ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷായെ കണ്ടിരുന്നു. ജെ.ഡി.യു മന്ത്രിസഭയുടെ ഭാഗമായിരിക്കില്ലയെന്നാണ് യോഗത്തിനുശേഷം നിതീഷ് കുമാര്‍ പറഞ്ഞത്.