‘അയാൾ അത്തരക്കാരനെന്ന് അറിഞ്ഞില്ല’: ബാലഭാസ്‌ക്കറുടെ ഭാര്യ ലക്ഷ്മി

single-img
2 June 2019

ബാലഭാസ്‌കറുടെ പരിപാടികൾ കോഡിനേറ്റ് ചെയ്തിരുന്ന പലരിൽ ഒരാൾ മാത്രമായിരുന്നു പ്രകാശ് തമ്പിയെന്ന് ബാലഭാസ്‌ക്കറുടെ ഭാര്യ ലക്ഷ്മി. സ്വർണ്ണക്കടത്ത് കേസുമായി പ്രകാശ് തമ്പിക്ക് ബന്ധമുളളതായി നേരത്തെ അറിയില്ലായിരുന്നു. അപകടത്തിനു ശേഷം ബാലഭാസ്‌കറുടെ മൊബൈൽ തിരികെ ലഭിച്ചിട്ടില്ലെന്നും ഇത് പ്രകാശ് തമ്പിയുടെ പക്കലുണ്ടാകാമെന്നും ലക്ഷ്മി പറഞ്ഞു. അതേസമയം, ബാലഭാസ്‌ക്കറുടെ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് അച്ഛൻ ഉണ്ണി പ്രതികരിച്ചു.

സ്വർണ്ണക്കടത്ത് കേസിൽ പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെയാണ്, ഇയാളും ബാലഭാസ്‌ക്കറും തമ്മിലുളള ബന്ധങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് ചൂടേറിയത്. കഴിഞ്ഞദിവസം കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ ബാലഭാസ്‌കറിന്റെ മരണത്തിലേക്ക് നയിച്ച അപകടവും കൂടുതൽ ചർച്ചയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ക്യാമറയ്ക്ക് മുന്നിൽ വരില്ലെന്ന നിബന്ധനയോടെ ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയും ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണിയും പ്രതികരണവുമായി എത്തിയത്.

ബാലഭാസ്‌കറിന്റെ സംഗീത ട്രൂപ്പിലെ പ്രോഗ്രാം കോഡിനേറ്ററായിരുന്ന പ്രകാശന്‍ തമ്പിയെ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ അറസ്റ്റു ചെയ്തതോടെ അപകടമരണത്തിനു പിന്നില്‍ ഇവരുണ്ടോയെന്ന സംശയം ബന്ധുക്കള്‍ ഉയര്‍ത്തുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുന്ന വിഷ്ണു സോമസുന്ദരം ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന മാനേജരാണ്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് ഉണ്ണി നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് പ്രകാശന്‍ തമ്പിയേയും വിഷ്ണുവിനേയുമായിരുന്നു. തമ്പനിയും വിഷ്ണുവും ലക്ഷങ്ങള്‍ തട്ടിച്ചെന്നായിരുന്നു പിതാവിന്റെ ആരോപണം.