പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല; ബാലഭാസ്‌കറിന്റെ ഭാര്യ

single-img
2 June 2019

സ്വര്‍ണക്കടത്തിന് അറസ്റ്റിലായ പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍ ആയിരുന്നു പ്രകാശന്‍ തമ്പിയെന്ന വാര്‍ത്ത തെറ്റാണെന്നാണ് താന്‍ വ്യക്തമാക്കിയതെന്നും ലക്ഷ്മി പറഞ്ഞു. അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും ലക്ഷ്മി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ് എന്നായിരുന്നു ലക്ഷ്മി നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.

ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നു . ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്. അതുകൊണ്ട് ദയവായി അത്തരം പരാമര്‍ശങ്ങളൊഴിവാക്കണമെന്നും ലക്ഷ്മി അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം, സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് ഇപ്പോൾ ലഭിക്കുന്നവിവരം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പ്രകാശ് തമ്പിയെ കസ്റ്റഡിയിൽ വാങ്ങാനാകൂ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ റജിസ്റ്റർ ചെയ്ത കേസിലാണ് പ്രകാശ് ജയിലിൽ കഴിയുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി പ്രതികളായ കേസിൽ സി.ബി.ഐയും ഇടപെട്ടിട്ടുണ്ട്. സി.ബി.ഐ പ്രകാശിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ സി.ബി.ഐയുടെ ചോദ്യം ചെയ്യലിന് ശേഷമേ ക്രൈംബ്രാഞ്ചിന് പ്രകാശ് തമ്പിയെ വിട്ടു നൽകൂ. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന് ശേഷമായിരിക്കും പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത്.