ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ഇഫ്താര്‍ വിരുന്ന് തടസ്സപ്പെടുത്തി പാക്കിസ്ഥാന്‍

single-img
2 June 2019

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ അലങ്കോലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ഇസ്ലാമാബാദിലെ സെറിന ഹോട്ടലിലാണ് സംഭവം. ഇഫ്താര്‍ വിരുന്നിനെത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അതിഥികളെ പാക് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ പറഞ്ഞു.

പാക് നയതന്ത്ര ഉദ്യോഗസ്ഥരെയടക്കം വിരുന്നിനായി ക്ഷണിച്ചിരുന്നു. എന്നാല്‍ പരിപാടിക്കെത്തുന്നവരെ സുരക്ഷാ പരിശോധനയുടെ പേരില്‍ പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. നയതന്ത്ര രംഗത്തുള്ള വ്യവസ്ഥകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചതായും ഉഭയകക്ഷി ബന്ധത്തിനെതിരായ നിലപാടാണ് അവര്‍ സ്വകീരിച്ചിരിക്കുന്നതെന്നും ബിസാരിയ പറഞ്ഞു. അതിഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.