ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍; ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായത് നിര്‍മല സീതാരാമനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിനു തൊട്ടുപിന്നാലെ

single-img
2 June 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസ് നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് ട്വീറ്റുകള്‍ മുഴുവന്‍ ദിവ്യ നീക്കം ചെയ്തതോടെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പരന്നത്. നിലവില്‍ ദിവ്യയുടെ ട്വിറ്റര്‍ പേജില്‍ ഒരു ട്വീറ്റു പോലും ലഭ്യമല്ല.

കോണ്‍ഗ്രസിന്റെ വന്‍ തോല്‍വിക്ക് ശേഷം കാര്യമായൊന്നും ദിവ്യ ട്വീറ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ശനിയാഴ്ച രാത്രിയോടെയാണ് ദിവ്യയുടെ അക്കൗണ്ട് അപ്രത്യക്ഷമായത്. ലക്ഷങ്ങളോളം ഫോളവേഴ്‌സുണ്ടായിരുന്ന ദിവ്യയുടെ അക്കൗണ്ട് വഴിയായിരുന്നു എന്‍ഡിഎ സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും ആക്രമണം നടത്തിയിരുന്നത്.

എന്നാല്‍ അക്കൗണ്ട് നഷ്ടപ്പെട്ടത് സംബന്ധിച്ച് കോണ്‍ഗ്രസ് വക്താക്കളൊന്നും പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ദിവ്യയുടെ പഴയ ട്വീറ്റുകളല്ലാം നീക്കം ചെയ്ത് അക്കൗണ്ട് പൂട്ടിയെന്നാണ് ഞായറാഴ്ച രാവിലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോണ്‍ഗ്രസിലെ സോഷ്യല്‍മീഡിയ മേധാവി സ്ഥാനം രാജിവച്ചെന്നും സൂചനയുണ്ട്.

ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ കിട്ടുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു പോയാല്‍ This account doesn’t exist എന്ന സന്ദേശമാണ് ലഭിക്കുക. ബിജെപി നേതാവും നിലവിലെ ധനകാര്യ മന്ത്രിയുമായ നിര്‍മല സീതാരാമനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് അക്കൗണ്ടും അപ്രത്യക്ഷമായത്. ഇതായിരുന്നു അവസാനത്തെ ട്വീറ്റും.

കഴിഞ്ഞ കുറച്ചു മണിക്കൂറുകളാണ് ദിവ്യയുടെ അക്കൗണ്ട് തേടിയുളള പോസ്റ്റുകളാണ് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും. പലരും പരിഹാസ പോസ്റ്റുകളിലൂടെയാണ് ദിവ്യയെ ട്രോളുന്നത്. തെന്നിന്ത്യന്‍ നടിയായിരുന്ന ദിവ്യ സ്പന്ദന യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രംഗത്തുവരുന്നത്. 2017 മുതല്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവിയും ദിവ്യയാണ്.