അപകടമുണ്ടായ ശേഷം എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് തമ്പിയും വിഷ്ണുവും; തമ്പി എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തത് പൂന്തോട്ടത്തില്‍ ലത എന്ന സ്ത്രീയോടെന്നും പ്രിയയുടെ വെളിപ്പെടുത്തല്‍: തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി

single-img
2 June 2019

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് വ്യാപിപ്പിക്കുന്നു. പുതിയ വെളിപ്പെടുത്തല്‍ നടത്തിയ മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി ജോര്‍ജില്‍ നിന്നും അന്വേഷണസംഘം മൊഴി എടുക്കും. അപകടസ്ഥലത്ത് നിന്നും രണ്ടുപേര്‍ രക്ഷപെടുന്നത് കണ്ടു എന്ന് സോബി ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് വിശദമായ അന്വേഷണമെന്ന് എസ് പി വ്യക്തമാക്കി.

അതിനിടെ, പുതിയ വെളിപ്പെടുത്തലില്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവന്‍ സോബി. ബാലഭാസ്‌കറിന്റേത് അപകട മരണമല്ലന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. എവിടെ വേണമെങ്കിലും മൊഴി നല്‍കാന്‍ തയ്യാറാണെന്നും ഭീഷണിയുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സോബി പറഞ്ഞു.

അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യുന്നത് വൈകും. സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തതിന് ശേഷമേ ഇയാളെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാന്‍ കഴിയൂ.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിആര്‍ഐ റജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രകാശ് ജയിലില്‍ കഴിയുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടി പ്രതികളായ കേസില്‍ സിബിഐയും ഇടപെട്ടിട്ടുണ്ട്. സിബിഐ പ്രകാശിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സിബിഐയുടെ ചോദ്യം ചെയ്യലിന് ശേഷമേ ക്രൈംബ്രാഞ്ചിന് പ്രകാശ് തമ്പിയെ വിട്ടു നല്‍കൂ. ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത്.

അതേസമയം, ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് ആശുപത്രിയിലായ ശേഷവും മരണശേഷവും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നെന്ന് ബന്ധു പ്രിയ വേണുഗോപാല്‍ വെളിപ്പെടുത്തി. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്‌കറുമായി നല്ല അടുപ്പമുണ്ടായിരുന്നെന്ന് തെളിവുകള്‍ പുറത്തു വരുന്നതിനിടെയാണ് അപകടത്തില്‍ ദുരൂഹത കൂട്ടുന്ന പല വെളിപ്പെടുത്തലുകളും പുറത്തു വരുന്നത്.

പ്രിയ വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞതിങ്ങനെ:

”അപകടമുണ്ടായ ശേഷം ഞാനും എന്റെ ഭര്‍ത്താവും അനന്തപുരി ആശുപത്രിയിലെത്തിയപ്പോള്‍ത്തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പ്രകാശ് തമ്പിയാണ്, തമ്പി ആദ്യത്തെ ദിവസം മുതല്‍ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നത് ബാലഭാസ്‌കറിന്റെ അച്ഛനോടോ അമ്മാവനോടോ അല്ലെങ്കില്‍ ഞങ്ങളോടോ അല്ല. തമ്പി എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത് പൂന്തോട്ടത്തില്‍ ലത എന്ന് പറയുന്ന സ്ത്രീയോടാണ്.

ഇത് ഞാന്‍ കണ്ട കാര്യമാണ്. പൊലീസ് ആദ്യം മുതലേ ഇതില്‍ വളരെ നിഷ്‌ക്രിയരായിരുന്നു. അതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. ഇടയ്ക്ക് രണ്ട് ചെറുപ്പക്കാര്‍ വളരെ കഷ്ടപ്പെട്ട് .. അതില്‍ ഒരാളുടെ പേര് എനിക്കോര്‍മയുണ്ട് .. നന്ദു എന്നാണെന്ന് തോന്നുന്നു … അവര് ഞങ്ങളെ തേടി വന്ന് സംസാരിച്ചതാണ്. കുഞ്ഞിനെ കൊണ്ടുപോയത്, അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതൊക്കെ അവരാണ്. ദൃക്‌സാക്ഷികളായ അവരെ കേന്ദ്രീകരിച്ച് ഒരിക്കലും അന്വേഷണം മുന്നോട്ടുപോയിട്ടില്ല.

അവര് വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. മുന്നിലിരുന്ന ഒരാള്‍ വളരെ ആരോഗ്യമുള്ള, സൈസുള്ള ഒരാളായിരുന്നു. അലറി വിളിച്ച് അയാള്‍ പറയുന്നുണ്ടായിരുന്നു, കാലനക്കാന്‍ പറ്റുന്നില്ല എന്നൊക്കെ. തീര്‍ച്ചയായും ബാലഭാസ്‌കര്‍ അപകട സമയത്ത് തന്നെ കഴുത്തിന് പരിക്കേറ്റ് തളര്‍ന്നു പോയ ഒരാളാണ്. ഇവരുടെ മൊഴി പ്രകാരം, പുറകില്‍ ഒരാള്‍ മരിച്ചു എന്ന നിലയില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു എന്ന് പറയുന്നുണ്ടായിരുന്നു. മുന്നിലും പുറകിലും ഇരുന്ന ആളുകളുടെ വേഷം ഇവര്‍ പറയുന്നുണ്ടായിരുന്നു. ഇതൊന്നും അന്വേഷണത്തിന്റെ പരിധിയില്‍ വന്നിട്ടില്ല.

ബാലഭാസ്‌കറിന്റെ മരണശേഷം വല്ലാത്ത നിയന്ത്രണങ്ങളാണ് ഞങ്ങള്‍ക്ക് ആശുപത്രിയിലുണ്ടായതിരുന്നത്. ലക്ഷ്മിയെ കാണാന്‍ അനുവാദമില്ല, ലക്ഷ്മിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അനുവാദമില്ല. ഇതെല്ലാം നിയന്ത്രിച്ചിരുന്നത് തമ്പിയും വിഷ്ണുവും ഒക്കെയായിരുന്നു. ഈ ഒരു ഘട്ടത്തില്‍ പലതും പുറത്തു പറയേണ്ടി വരുന്നത് പോലും, ഇത്രയും ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ് എന്നറിഞ്ഞതുകൊണ്ടാണ്”, പ്രിയ വ്യക്തമാക്കി.

”പലപ്പോഴും പ്രകാശ് തമ്പിയോടും വിഷ്ണുവിനോടും ഞങ്ങള്‍ക്ക് ബാലു ആശുപത്രിയിലായിരുന്നപ്പോഴും പിന്നീട് മരണശേഷവും സഞ്ചയനത്തിന്റെ ദിവസം പോലും കയര്‍ക്കേണ്ടി വന്നതാണ്. ഇവരെക്കുറിച്ച് അന്ന് പരാതി എഴുതി നല്‍കിയപ്പോള്‍ പോലും ഇതില്‍ കൃത്യമായ അന്വേഷണം പൊലീസ് നടത്തിയില്ല. ഡോക്ടര്‍മാരുടെ മൊഴിയടക്കം എടുക്കേണ്ടിയിരുന്നതാണ്. അതൊന്നുമുണ്ടായിട്ടില്ല. ആരാണ് വണ്ടിയോടിച്ചിരുന്നതെന്ന കാര്യത്തില്‍ പോലും സംശയങ്ങളുണ്ട്. ഇതില്‍ അന്വേഷണം വേണം”, പ്രിയ പറയുന്നു.