ബാലഭാസ്‌ക്കറിന്റെ മരണം; ക്രൈംബ്രാഞ്ച് പ്രകാശ് തമ്പിയുടെ മൊഴിയെടുക്കും

single-img
2 June 2019

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട്, മുന്‍ മാനേജറും സ്വര്‍ണ്ണക്കടത്ത് കേസില്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുമുള്ള പ്രകാശ് തമ്പിയുടെ മൊഴിയെടുക്കും. ബാലഭാസ്‌ക്കറിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് വിഭാഗമാണ് അന്വേഷണം നടത്തുക. പ്രകാശ് തമ്പിക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സൂചന നല്‍കുന്ന ദൃക്‌സാക്ഷിയുടെ പുതിയ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്.

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത സൂചിപ്പിക്കുന്ന വെളിപ്പെടുത്തലാണ് കോതമംഗലം സ്വദേശിയായ സോബി ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയത്. അപകടം നടന്ന സമയത്ത് തിരുനല്‍വേലിക്ക് പോവുകയായിരുന്ന സോബി, റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയില്‍ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ ബൈക്കില്‍ ഇരുന്ന് ഉന്തി കൊണ്ട് പോവുകയായിരുന്ന മറ്റൊരാളെയും കണ്ടതായി പറഞ്ഞിരുന്നു. അപകടം പറ്റിയ ആരുടേയെങ്കിലും സ്വന്തക്കാരെന്ന് കരുതി സഹായത്തിന് ചെന്നങ്കിലും അവര്‍ നിരസിക്കുകയും ചെയ്തതായി സോബി വ്യക്തമാക്കിയിരുന്നു.

അതേസമയം, ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ച് ദുരൂഹതയേറിയതോടെ അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചയാളെ കണ്ടെത്താനും ക്രൈംബ്രാഞ്ച് ശാസ്ത്രീയപരിശോധനകള്‍ വേഗത്തിലാക്കി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. ഡ്രൈവറാണ് വാഹനം ഓടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.

അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി പരാതിനല്‍കിയിരുന്നു. ഇതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഡ്രൈവറെ കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധന നടത്തിയെങ്കിലും ഏറെനാള്‍ കഴിഞ്ഞതിനാല്‍ വാഹനത്തിലെ രക്തസാമ്പിളുകള്‍ കണ്ടെത്താനായില്ല. മുടിനാരുകള്‍ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താനുള്ള ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തും.

2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.