വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; ‘ദുരൂഹത കൂടുന്നു’

single-img
2 June 2019

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തെക്കുറിച്ച് ദുരൂഹതയേറിയതോടെ അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചയാളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ശാസ്ത്രീയപരിശോധനകൾ വേഗത്തിലാക്കി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്റെ മാനേജർമാരായിരുന്ന വിഷ്ണുവും പ്രകാശൻ തമ്പിയും പിടിയിലായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയത്.

അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛൻ കെ.സി. ഉണ്ണി പരാതിനൽകിയിരുന്നു. ഇതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഡ്രൈവറെ കണ്ടെത്താൻ ഫൊറൻസിക് പരിശോധന നടത്തിയെങ്കിലും ഏറെനാൾ കഴിഞ്ഞതിനാൽ വാഹനത്തിലെ രക്തസാമ്പിളുകൾ കണ്ടെത്താനായില്ല. മുടിനാരുകൾ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താനുള്ള ഫൊറൻസിക് പരിശോധന ഉടൻ നടത്തും.

അതേസമയം ബാലഭാസ്കറിന്റെ അപകടമരണത്തിനു സ്വർണക്കള്ളക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ബാലഭാസ്കറിന്റെ ബന്ധു ഇന്നലെ ആരോപിച്ചിരുന്നു. അപകടത്തിനു ശേഷം ആദ്യദിവസം മുതൽ തങ്ങൾ സംശയിച്ചിരുന്ന ആളുകൾ തന്നെ ഈ കേസിൽ പ്രതിസ്ഥാനത്ത് വരുമ്പോൾ ഇതെല്ലാം തമ്മിൽ ബന്ധമില്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ബാലഭാസ്കറിന്റെ മാതൃസഹോദരിയുടെ മകൾ പ്രിയ വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ബാലഭാസ്കറിനോട് സ്നേഹമോ ആദരവോ ഇവർക്കുണ്ടായിരുന്നെങ്കിൽ അരുതാത്തതൊന്നും സംഭവിക്കില്ലായിരുന്നു.

ബാലഭാസ്കറിന് സാമ്പത്തികകാര്യങ്ങളിൽ ടെൻഷനുണ്ടായിരുന്നു. അതിനാലാണ് അതെല്ലാം നോക്കിനടത്താൻ ‘ഇത്രയും വിശ്വസ്തരെ’ കൂടെക്കൂട്ടി‌യത്. പരുക്കുകളുടെ സ്വഭാവം വച്ച് ഡോക്ടർ തന്നെ കൃത്യമായി സാധ്യതകൾ ചൂണ്ടിക്കാണിക്കുമ്പോഴും ബാലഭാസ്കർ ആണ് വണ്ടിയോടിച്ചതെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതാരാണെന്നും പ്രിയ ചോദിക്കുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിലായവർ തന്നെ സ്വർണക്കടത്തിലും പ്രതികളായതോടെ അന്വേഷണം ശക്തമാക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു.

ബാലഭാസ്കറിന്റെ സംഗീത ട്രൂപ്പിലെ പ്രോഗ്രാം കോ– ഓഡിനേറ്ററായിരുന്ന പ്രകാശൻ തമ്പിയെ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്തതോടെയാണ്, അപകടമരണത്തിനു പിന്നിലും ഇവരുണ്ടോയെന്ന സംശയം ബന്ധുക്കൾക്കു ബലപ്പെട്ടത്.

2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാർ മരത്തിലിടിച്ചാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്കർ ഒക്ടോബർ രണ്ടിന് ആശുപത്രിയിലും മരിച്ചു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.