സ്‌കൂളില്‍ ബജ്‌റംഗ് ദള്‍ ആയുധ പരിശീലനം നടത്തി: ചിത്രങ്ങൾ സഹിതം പരാതി നല്‍കി ഡി.വൈ.എഫ്.ഐ

single-img
2 June 2019

മുംബൈയിലെ മിറ റോഡിൽ സ്കൂളിൽ തീവ്ര ഹിന്ദു സംഘടനയായ ബജ്റംഗ് ദൾ ആയുധപരിശീലന ക്യാമ്പ് നടത്തിയതായി ആരോപണം. കഴിഞ്ഞ മാസം നടന്ന ക്യാമ്പിൽ തോക്കുകൾ ഉപയോഗിച്ച് പരിശീലനം നടത്തിയതായാണ് ആരോപണം. പരിശീലനത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ ക്യാമ്പിന്റെ ചിത്രങ്ങൾ സഹിതം നവ്ഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിയുന്നത്.

മെയ് 25 മുതല്‍ ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പിലാണ് ആയുധ പരിശീലനം നല്‍കിയത്. ബി.ജെ.പി എം.എല്‍.എ നരേന്ദ്ര മേത്തയുടെ കീഴിലുള്ള സ്‌കൂളിലാണ് സംഘം ക്യാമ്പ് സംഘടിപ്പിച്ചത്. 14 വയസില്‍ താഴെയുള്ള കുട്ടികളേയും പ്രദേശത്തെ യുവാക്കളേയും പങ്കെടുപ്പിച്ച് നടത്തിയ ക്യാമ്പില്‍ ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷകരമായ രീതിയിലുള്ള പ്രചരണങ്ങള്‍ നടന്നതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ പ്രദേശത്ത് സ്ഥിരമായി നടന്നുവരുന്ന ക്യാമ്പ് മാത്രമായിരുന്നു അതെന്നും കായികാഭ്യാസങ്ങളും യോഗയുമായിരുന്ന അതില്‍ പരിശീലിപ്പിച്ചിരുന്നതെന്നും ബജ്‌രംഗ് ദള്‍ വക്താവ് സന്ദീപ് ഭഗത് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന് പരിശീലനത്തിന് നേതൃത്വം നല്‍കുന്ന ബജ്റംഗ് ദള്‍ നേതാക്കള്‍ പറഞ്ഞതായി താനെ സബ് ഡിവിഷണല്‍ പൊലിസ് ഓഫീസര്‍ അതുല്‍ കുല്‍കര്‍ണി മാധ്യമങ്ങളോട് പറഞ്ഞു.