മോദി സ്തുതി; കണ്ണൂര്‍ ഡിസിസിയുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടിക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

single-img
1 June 2019

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച പേരില്‍ കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളകുട്ടി വിശദീകരണം നല്‍കണമെന്ന് കെപിസിസി. മോദിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്ന് വ്യക്തമാക്കി അബ്ദുള്ളക്കുട്ടിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കണ്ണൂര്‍ ഡിസിസിനല്‍കിയ പരാതിയിലാണ് കെപിസിസി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

നരേന്ദ്ര മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് അബ്ദുള്ളകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. മഹാത്മാ ഗാന്ധിയുടെ നാട്ടുകാരനായ മോദി ആ മൂല്യങ്ങള്‍ ഭരണത്തില്‍ പ്രയോഗിച്ചാണ് ജനപ്രിയനായത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള നയം ആവിഷ്‌കരിച്ചു. കക്കൂസ് ഇല്ലാത്തവരോടു മോദി നീതി കാണിച്ചെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നാലെ പോസ്റ്റ് വിവാദമായെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ അബ്ദുള്ളകുട്ടി തയ്യാറായിരുന്നില്ല. താന്‍ പറഞ്ഞ കാര്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് നിലപാടെടുത്ത അബ്ദുള്ള കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു മുന്‍പും മോദിയെ സ്തുതിച്ച പശ്ചാത്തലത്തിലായിരുന്നു സിപിഎം അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. തുടര്‍ന്നാണ്‌ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.