തിരൂരില്‍ കോടികളുടെ ജ്വല്ലറി കവര്‍ച്ചക്കെത്തിയ മോഷ്ടാക്കള്‍ക്ക് പറ്റിയത് ‘ആനമണ്ടത്തരം’; കയറിയത് സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍

single-img
30 May 2019

തിരൂര്‍ പൂങ്ങോട്ടുകുളത്തെ ഒരു ഗ്രാം തങ്കം ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. നാല് ലക്ഷത്തോളം രൂപയുടെ സ്വര്‍ണവും 3600 രൂപയും മോഷ്ടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് കവര്‍ച്ച നടന്നത്. കടയുടെ ഷട്ടറിന്റെ മൂന്ന് പൂട്ടും പൊളിച്ച നിലയിലാണ്. മൂന്നംഗ സംഘം കടയുടെ പൂട്ട് പൊളിച്ച് അകത്ത് കയറുകയും സ്വര്‍ണാഭരണങ്ങളും പണവും കവരുകയുമായിരുന്നു.

പൂങ്ങോട്ടുകുളം സ്വദേശി ബൈജുവിന്റേതാണ് സ്ഥാപനം. കടയുടെ പുറത്തെ സിസിടിവി ക്യാമറ മോഷ്ടാക്കള്‍ മറ്റൊരു ദിശയിലേക്ക് മാറ്റുകയും ഉള്ളിലെ ക്യാമറ ഓഫാക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ സമീപത്തെ കടക്കാരാണ് മോഷണം നടന്നതായി കണ്ടത്.

മോഷണത്തിനു പിന്നില്‍ ഇതര സംസ്ഥാനക്കാരായ 3 പേര്‍ ആണെന്നാണു നിഗമനം. സ്വര്‍ണാഭരണങ്ങളെന്നു തെറ്റിദ്ധരിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്നു പൊലീസ് പറയുന്നു. കവര്‍ന്നതെല്ലാം യഥാര്‍ഥ സ്വര്‍ണമായിരുന്നെങ്കില്‍ കോടികളുടെ നഷ്ടമുണ്ടാകുമായിരുന്നു.