സിനിമ ഷൂട്ടിങ്ങിനിടെ മേക്കപ്പ് അഴിക്കാതെ സിഗരറ്റ് വാങ്ങാന്‍ പുറത്തിറങ്ങി; ഭീകരര്‍ എന്ന് തെറ്റിദ്ധരിച്ച് ബല്‍റാമിനെയും അര്‍ബ്ബാസിനെയും പൊലീസ് പിടികൂടി: നാടകീയ രംഗങ്ങള്‍

single-img
30 May 2019

ബലാകോട്ട് മോഡല്‍ ഭീകരാക്രമണ ഭീഷണിയെന്ന സന്ദേശം കഴിഞ്ഞ ദിവസം മുംബൈ പോലീസിനെ ‘പുലിവാലുപിടിപ്പിച്ചു’. പഞ്ചവടി നാക പ്രദേശത്ത് ഒരു ഭീകരന്‍ സിഗരറ്റ് വാങ്ങുന്നതും വേറൊരു ഭീകരന്‍ കാത്തുനില്‍ക്കുന്നതും കണ്ടെന്ന് പറഞ്ഞാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഒരാള്‍ വിളിച്ചറിയിച്ചത്.

വാര്‍ത്ത അറിഞ്ഞയുടന്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവര്‍ വന്ന വാനിന്റെ നമ്പര്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലെല്ലാം വിളിച്ചറിയിച്ചു. സമീപമുള്ള ഏഴ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ പട്രോളിംഗ് അടക്കമുള്ള എല്ലാ ജോലികളും നിര്‍ത്തിവച്ച് സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങി.

സംഭവം നടന്നത് തീരപ്രദേശത്ത് ആയതുകൊണ്ട് തീരസംരക്ഷണ സേനയും ‘ഓപ്പറേഷനില്‍’ പങ്കാളികളായി. ഒരു മണിക്കൂറിന് ശേഷം ‘ഭീകരര്‍’ പൊലീസിന്റെ പിടിയിലായി. പിന്നീടാണ് പോലീസിന് തങ്ങള്‍ പിടിച്ചത് ഭീകരരെയല്ല എന്ന് വ്യക്തമായത്.

ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്യാനെത്തിയ ബല്‍റാമും അര്‍ബ്ബാസുമായിരുന്നു ‘ആ ഭീകരര്‍’. ഭീകരരുടെ വേഷത്തിലായിരുന്നു ഇരുവരും സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നത്.

മേക്കപ്പും വേഷവും അഴിക്കാതെ ഒന്നു പുകയ്ക്കാന്‍ പുറത്തിറങ്ങിയതാണ് പോലീസുകാരെയും നാട്ടുകാരെയും ഭീതിയിലാക്കിയത്. ഭീകരവേഷത്തില്‍ അഭിനയിക്കുകയായിരുന്ന ബല്‍റാം ഗിന്‍വാലയും അര്‍ബാസ് ഖാനും കോംബാറ്റ് വെസ്റ്റുകളും ഡമ്മി വെടിയുണ്ടകള്‍ നിറച്ച ജാക്കറ്റുമെല്ലാധം ധരിച്ചിരുന്നു.

ഇതാണ് നാട്ടുകാര്‍ക്ക് സംശയത്തിനിടയായത്. സിനിമാക്കാരാണെന്ന് ഇവര്‍ പറഞ്ഞെങ്കിലും ആദ്യം പൊലീസ് അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. സിനിമാ ലൊക്കേഷനിലെത്തി വാസ്തവം മനസിലാക്കിയതിന് ശേഷമാണ് രണ്ടാളെയും പൊലീസ് വിട്ടയച്ചത്. എന്നാല്‍ ആശങ്ക സൃഷ്ടിച്ചതിന് ബല്‍റാമിനും അര്‍ബാസിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു.

ഭീകരവേഷമിട്ട നടന്‍മാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത് ജനങ്ങള്‍ക്കിടയില്‍ വലിയ ഭയപ്പാടുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. ചെറിയൊരു ‘ഭീകരാന്തരീക്ഷം’ ഉണ്ടായെങ്കിലും മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധ സംവിധാനങ്ങള്‍ സുസജ്ജമാണെന്ന് ബോധ്യപ്പെടാന്‍ സംഭവം സഹായിച്ചെന്നാണ് പൊലീസിന്റെ പക്ഷം.