കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം 30 വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി പോരാടി; ഒടുവില്‍ അനധികൃത കുടിയേറ്റം ആരോപിച്ച് സനാവുള്ളയെ ജയിലിലടച്ചു

single-img
30 May 2019

മുപ്പത് വര്‍ഷം രാജ്യത്തെ സേവിച്ച സൈനികനെ അനധികൃത കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം പങ്കെടുത്ത മുഹമ്മദ് സനാവുള്ള എന്ന റിട്ടയേര്‍ഡ് ഓണററി ലഫ്റ്റനന്റിനെയാണ് ആസാം ബോര്‍ഡര്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ അറസ്റ്റ് ചെയ്തത്.

വിദേശിയാണെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. സൈന്യത്തില്‍ നിന്ന് വിരമിച്ച ഇദ്ദേഹം ബോര്‍ഡര്‍ പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. 1987 ല്‍ സനാവുള്ളയുടെ ഇരുപതാമത്തെ വയസിലാണ് സൈന്യത്തില്‍ ചേരുന്നത്. 2017 ല്‍ സേനയില്‍ നിന്നും വിരമിച്ച ശേഷം ആസാം ബോര്‍ഡര്‍ പൊലീസില്‍ അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.

രാജ്യത്ത് താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലൈയ്ക്ക് മുന്‍പ് സമര്‍പ്പിക്കണം എന്നാണ് സുപ്രീം കോടതി വിധി. ആസാമില്‍ മാത്രം 1,25,333 പേരുടെ പൗരത്വത്തില്‍ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹന്‍ പതോവരി നിയമസഭയെ അറിയിച്ചിരുന്നു. ആസാമില്‍ ഇദ്ദേഹത്തെ പോലെ ആറോളം മുന്‍ സൈനികര്‍ക്ക് ഫോറിനേര്‍സ് ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കിയതായാണ് വിവരം.

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍ വന്നതോടുകൂടിയാണ് രാജ്യത്തെ പൗരന്മാരെ വിദേശികളാക്കുന്ന നിലവന്നത്. 2016ലാണ് സര്‍ക്കാര്‍ പൗരത്വ (ഭേദഗതി) ബില്‍ കൊണ്ടുവരുന്നത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, ഇന്ത്യയില്‍ ആറു വര്‍ഷം താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാര്‍സി, ജൈന്‍, സിഖ്, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കു പൗരത്വം ഉറപ്പു നല്‍കുന്നതാണ് പ്രസ്തുത ബില്‍.

മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ ബില്‍. 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുന്‍പാണു ബംഗ്ലാദേശ് യുദ്ധത്തിന്റെ തലേന്ന് നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പൂര്‍വികര്‍ ഇന്ത്യയില്‍ എത്തിയത് എന്നു തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടുന്നതാണ് നിലവിലെ സ്ഥിതി.