ചാനൽ ചര്‍ച്ചകളിൽ ഇനി കോൺഗ്രസ് പ്രതിനിധികൾ ഉണ്ടാകില്ല

single-img
30 May 2019

ഒരു മാസത്തേക്ക് ചാനൽ ചര്‍ച്ചകൾക്ക് വക്താക്കൾ പോകേണ്ടതില്ലെന്ന് കോൺഗ്രസ്. ടെലിവിഷൻ ചര്‍ച്ചകൾക്ക് പോകേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിട്ടുള്ളത്.  കോൺഗ്രസ് പ്രതിനിധികളെ പാനലിൽ ഉൾപ്പെടുത്തരുതെന്ന് ചാനൽ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാലയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.

അതേസമയം അധ്യക്ഷപദവി രാജിവെക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽനിന്നു കരകയറാനാവാതെ കോൺഗ്രസ്. മനംമാറ്റാൻ കൂടിക്കാഴ്ചയ്ക്കു ശ്രമിച്ച നേതാക്കൾക്ക് ബുധനാഴ്ച രാഹുൽ അനുവാദം നൽകിയില്ല.

ആശയവിനിമയം പ്രിയങ്കാഗാന്ധി വഴിയാക്കി നേതാക്കളോട് മൗനത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ. കഴിയുന്നതുംവേഗം നെഹ്രു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷനായി കണ്ടെത്തണമെന്നാണ് നിർദേശം. ബുധനാഴ്ച പ്രിയങ്കയെ മാത്രമാണ് രാഹുൽ കണ്ടത്.

നെഹ്രു കുടുംബവുമായി അടുപ്പമുള്ള ഡൽഹി മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിതും രാഹുലിനെ കാണാനുള്ള അനുമതി നിഷേധിക്കപ്പെട്ടവരിൽ ഉൾപ്പെടും. പ്രവർത്തകർക്കൊപ്പം ബുധനാഴ്ച വൈകീട്ട് തുഗ്ലക്ക് ലൈനിലെ രാഹുലിന്റെ വീട്ടിലെത്തിയ ഷീലാ ദീക്ഷിത് നിരാശയായി മടങ്ങി. രാജിവെക്കരുതെന്ന സന്ദേശം രാഹുലിനു കൈമാറിയതായും അദ്ദേഹം തുടരണമെന്നാണാഗ്രഹമെന്നും ദീക്ഷിത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ജഗദീഷ് ടൈറ്റ്ലറെ കാണാനും രാഹുൽ കൂട്ടാക്കിയില്ല. രാജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ കോൺഗ്രസ് നേതാവ് വിജയ് ജതന്റെ നേതൃത്വത്തിൽ നാലുപേർ രാഹുലിന്റെ വീടിനുമുന്നിൽ കുത്തിയിരുന്നെങ്കിലും പോലീസിടപെട്ട് നീക്കി.

രാഹുലിന്റെ തീരുമാനം ആത്മഹത്യപരമാണെന്ന നിലപാടിലാണ് ഘടകക്ഷി നേതാക്കളെല്ലാം. ഇക്കാര്യം ഇവർ ഫോൺമുഖേനയും മറ്റും രാഹുലിനെ അറിയിച്ചു. തീരുമാനത്തിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെടാൻ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി വ്യാഴാഴ്ച രാഹുലിനെ കാണും.