‘യുവഡോക്ടറുടെ മരണം കൊലപാതകം’

single-img
30 May 2019

മുംബൈയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി പായല്‍ തഡ്‌വിയുടേത് ആത്മഹത്യയല്ല കൊലപാതകമെന്ന് അഭിഭാഷകന്‍. പ്രതികള്‍ പായലിന്റെ മൃതശരീരം മറ്റെവിടെയോ കൊണ്ടുപോയതിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അതിനാല്‍ അട്ടിമറി സംശയിക്കുന്നുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അഭിഭാഷകനായനിതിന്‍ സത്പുതാണ് പായലിന്റെ കുടുംബത്തിനുവേണ്ടി കോടതിയില്‍ ഹാജരായത്.

കഴുത്തിലെ മുറിവും ദേഹത്തേറ്റ മറ്റുപാടുകളും കൊലപാതകത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് നിതിന്‍ സത്പുത് ആരോപിച്ചു. സാഹചര്യത്തെളിവുകളും കൊലപാതകമാണ് സൂചിപ്പിക്കുന്നത്. കുറ്റാരോപിതര്‍ ഉന്നതരായതിനാല്‍ സാക്ഷികള്‍ സമ്മര്‍ദത്തിലാണെന്ന് പ്രോസിക്യൂട്ടര്‍ ജയ് സിങ് ദേശായി പറഞ്ഞു.

ജാതിഅധിക്ഷേപത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാകാനുള്ള സാധ്യതയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ജാതീയമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്നാണു മരണമെന്ന പരാതിയില്‍ ഡോ. ഭക്തി മൊഹാറ, ഡോ. ഹേമ അഹൂജ, ഡോ. അങ്കിത ഖാന്‍ഡേവാള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ പായല്‍ തട്‌വിയെ 22നാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.