സ്വർണക്കടത്ത്: വ്യാജ പ്രചരണങ്ങൾക്കെതിരെ ലക്ഷ്മി ബാലഭാസ്ക്കർ

single-img
30 May 2019

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതികളെന്നു കണ്ടെത്തിയവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മാനേജർമാരായിരുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ലക്ഷ്മി ബാലഭാസ്ക്കർ രംഗത്ത്. ബാലഭാസ്ക്കറിന്റെ പേരും ഇവരുടെ പേരുമായി ചേർത്തു വച്ച് മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾ അപകീർത്തികരമാണെന്നും അത്യന്തം വേദനാജനകമാണെന്നും ലക്ഷ്മി കുറിക്കുന്നു. ബാലഭാസ്ക്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ലക്ഷ്മിയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ്.ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ ഇവർ നടത്തിയിരുന്നു. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു . ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല.

ഈ പേരുകാർക്കൊപ്പം ബാലഭാസ്കറിന്റെ പേര് അപകീർത്തികരമായ നിലയിൽ മാധ്യമങ്ങളിൽ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്.അതുകൊണ്ട് ദയവായി അത്തരം പരാമർശങ്ങളൊഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 
സ്നേഹത്തോടെ 
ലക്ഷ്മി ബാലഭാസ്കർ