‘മന്ത്രിക്കസേരക്കായി’ കുമ്മനം രാജശേഖരനും വി.മുരളീധരനും ഡല്‍ഹിയില്‍

single-img
30 May 2019

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ മന്ത്രിസഭ വൈകീട്ട് 7ന് സത്യപ്രതിജ്ഞ െചയ്ത് അധികാരമേല്‍ക്കും. നിയുക്ത മന്ത്രിമാരെ നാലരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതം നല്‍കാമെന്ന നിലപാടാണ് ബിജെപിക്ക്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകാനിടയില്ല. അമിത് ഷാ മോദിയുമായി ഇന്ന് രാവിലെ അവസാനവട്ട ചര്‍ച്ചകള്‍ നടത്തി.

അതിനിടെ, മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും ആരൊക്കെ കേന്ദ്രമന്ത്രിമാരാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ കുമ്മനം രാജശേഖരനും വി.മുരളീധരനും ഡല്‍ഹിയില്‍. മുന്‍ മിസോറാം ഗവര്‍ണറും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന കുമ്മനം രാജശേഖരന്‍ ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് ഡല്‍ഹിയിലെത്തിയത്.

ബിജെപി നേതൃത്വം കുമ്മനത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായാണ് സൂചന. എന്നാല്‍ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ കുമ്മനം മാധ്യമങ്ങളോട് ഇതേപ്പറ്റി വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായില്ല. താന്‍ കേന്ദ്രമന്ത്രിയാകുമോയെന്ന് തനിക്കറിയില്ലെന്നും മന്ത്രിയാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

രാജ്യസഭാ എം.പി. വി.മുരളീധരന്റെ പേരും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനകളുണ്ട്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി.മുരളീധരന്‍ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

രണ്ടാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് കുമ്മനം രാജശേഖരനെയും വി.മുരളീധരനെയും കൂടാതെ കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം, രാജ്യസഭാ എം.പി സുരേഷ് ഗോപി എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.

അതേസമയം കേന്ദ്രമന്ത്രിയെ ചോദിക്കാന്‍ കേരളത്തിന് ധാര്‍മ്മികതയില്ലെന്നും എന്നാല്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇത്തവണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിളള പറഞ്ഞു.