സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകില്ലെന്ന് നിലപാടെടുത്തിരുന്ന കുമ്മനത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

single-img
30 May 2019

രണ്ടാം നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി. കഴിഞ്ഞ തവണ മികവു പുലർത്തിയ മന്ത്രിമാരെല്ലാം ഇത്തവണയും തുടരുമെന്നാണു വിവരം. പ്രകാശ് ജാവഡേക്കർ, അർജുൻ റാം മേഘ്‌വാൾ, രവിശങ്കർ പ്രസാദ്, ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിങ് തോമർ തുടങ്ങിയവർ മന്ത്രിസഭയിൽ തുടരും. അതേസമയം, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വിവരം. അദ്ദേഹം പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ തുടരും.

അതിനിടെ മോദി മന്ത്രിസഭയിൽ കേരളത്തിലെ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ അംഗമായേക്കുമെന്ന് അഭ്യൂഹങ്ങൾ. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകില്ലെന്ന് മുമ്പ് നിലപാടെടുത്തിരുന്ന കുമ്മനത്തിനോട് ഡൽഹിയിലേക്ക് എത്താൻ ബിജെപി കേന്ദ്രനേതൃത്വം നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് കുമ്മനം ഇന്ന് ഡൽഹിയിലെത്തും.

മിസോറാം ഗവർണർ സ്ഥാനം രാജിവച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മൽസരിച്ചത്. പരാജയപ്പെട്ടെങ്കിലും കുമ്മനത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

രാജ്യസഭാംഗങ്ങളായ വി മുരളീധരന്റെയും അൽഫോൺസ് കണ്ണന്താനത്തിന്റെയും പേരുകൾ മന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. മുരളീധരൻ രാത്രിയോടെ ഡൽഹിയിലേക്ക് പോകുമെന്നാണ് വിവരം. അൽഫോൺസ് കണ്ണന്താനം നിലവിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്. ഇദ്ദേഹം മന്ത്രിസഭയിൽ തുടരുമെന്നാണ് വിവരങ്ങൾ.