തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത്: സിബിഐ കേസെടുത്തു

single-img
30 May 2019

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ സിബിഐ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തത്. 11 പ്രതികള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ സിബിഐ ശേഖരിച്ചു.

കേസില്‍ ഇടനിലക്കാരനായ ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ബുധനാഴ്ച റവന്യൂ ഇന്റവലിജന്‍സ് പിടികൂടിയിരുന്നു. 22 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തു നിന്നും കൊണ്ടു വന്നിട്ടുണ്ടെന്ന് ഡിആര്‍ഐ പറയുന്നു. പ്രകാശാണ് മലപ്പുറം സ്വദേശി ഹക്കീമിന് സ്വര്‍ണം എത്തിക്കുന്നത്.

സ്വര്‍ണം കടത്തുന്നതിനിടയില്‍ പിടിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തിരുമല സ്വദേശി സുനില്‍കുമാറിന്റെ സുഹ്യത്താണ് പ്രകാശ്. നാലുതവണ പ്രകാശ് സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകനും പ്രതിയുമായ അഭിഭാഷകന്‍ ബിജു മനോഹറിന്റെയും വിഷ്ണു വിന്റെയും സഹായിയാണ്.

പല തവണ ഗള്‍ഫില്‍ പോവുകയും ഇവിടെ നിന്നു സ്വര്‍ണം കേരളത്തിലേക്ക് കടത്തുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ അഭിഭാഷകന്‍ ബിജു മനോഹര്‍, കഴക്കൂട്ടം സ്വദേശി സിന്ധു, വിഷ്ണു, ഹക്കിം, മുഹമ്മദാലി എന്നിവര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് സൂചന.

സംസ്ഥാനം വിട്ട ഇവര്‍ക്ക് ലുക്ക് ഔട്ട് നോട്ടിസ് ഉള്‍പ്പെടെ ഉള്ളതിനാല്‍ രാജ്യം വിടാന്‍ കഴിഞ്ഞിട്ടില്ല. ബിജു ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്. മേയ് 13നാണു 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍ (45), കഴക്കൂട്ടം സ്വദേശി സെറീന(42) എന്നിവരെ ഡിആര്‍ഐ അറസ്റ്റു ചെയ്തത്.

കേസിന്റെ തുടക്കം മുതല്‍ സിബിഐയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും രഹസ്യ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തു സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ മിക്കപ്പോഴും 5 അംഗ കസ്റ്റംസ് സംഘമായിരുന്നു ഡ്യൂട്ടിയില്‍.

ഈ 5 കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍, സെറീന സ്വര്‍ണവുമായി പിടിയിലായപ്പോള്‍ ഡിആര്‍ഐ പിടിച്ചെടുത്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കസ്റ്റംസുകാരുടെ പങ്കിനെ കുറിച്ചു സൂചന ലഭിച്ചത്. അതില്‍ ഒരു ഉദ്യോഗസ്ഥന്റെ മൊബൈല്‍ അന്നു തന്നെ മടക്കി നല്‍കി.

മറ്റൊരാളുടേതു പിന്നീടും. മറ്റു 3 പേരുടെ മൊബൈല്‍ ഫോണ്‍ വിശദ അന്വേഷണത്തിനു സി–ഡാക്കിനു കൈമാറി. അതില്‍ നിന്നു കിട്ടുന്ന വിവരം കൂടി പരിശോധിച്ചായിരിക്കും ശേഷിക്കുന്ന 2 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇതര സംസ്ഥാനക്കാരായ ഈ 2 പേരും കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാരാണ്. എന്നാല്‍ ഇവരെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഡിആര്‍ഐക്കു മേല്‍ വന്‍ സമ്മര്‍ദമുണ്ട്. ഇവരെയും ഒന്നിലേറെ തവണ ചോദ്യം ചെയ്തിരുന്നു.

ഡിആര്‍ഐ അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശിയായ കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണന്‍ സാമ്പത്തികമായി ഉയര്‍ന്ന പശ്ചാത്തലത്തിലുള്ള വ്യക്തിയാണെന്നു ഡിആര്‍ഐ അധികൃതര്‍ പറയുന്നു. ആഡംബര ജീവിതം നയിക്കാനാണു സ്വര്‍ണക്കടത്തു സംഘത്തിനൊപ്പം ചേര്‍ന്നത്. സംഘത്തിലെ ഇടനിലക്കാരനായ അഡ്വ.ബിജുവിന്റെ സഹായി വിഷ്ണുവുമായാണ് ഇദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നത്. സംഘത്തിലെ മറ്റുള്ളവരുമായി സൂപ്രണ്ട് ബന്ധപ്പെട്ടതിന്റെ തെളിവു ലഭിച്ചിട്ടില്ല.