ബിജെപിയുടെ ക്രൈസ്തവ കൂട്ടായ്മ ‘പാളി’; പാര്‍ട്ടിക്കുള്ളില്‍ തന്നെ തണുപ്പന്‍ പ്രതികരണം; സംഘാടകരോട് കയര്‍ത്ത് മൈക്ക് കെട്ടാന്‍ കാത്തുനില്‍ക്കാതെ പരിപാടി തുടങ്ങി ശ്രീധരന്‍പിള്ള

single-img
30 May 2019

ബി.ജെ.പിയുടെ ക്രൈസ്തവ സംരക്ഷണ കൂട്ടായ്മയോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ തണുപ്പന്‍ പ്രതികരണം. ന്യൂനപക്ഷത്തെ അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഇന്നലെയാണ് ബിജെപിയുടെ കേരളത്തിലെ പുതിയ ദൗത്യം ആരംഭിച്ചത്. ശ്രീലങ്കയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ട് പുതിയ കൂട്ടായ്മ ആരംഭിക്കാനാണ് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച തീരുമാനിച്ചിരുന്നത്.

പള്ളികളുടെ സംരക്ഷണത്തെ മുന്‍നിര്‍ത്തി എന്നതായിരുന്നു പുതിയ കൂട്ടായ്മ ആരംഭിക്കാന്‍ ബി.ജെ.പി പറഞ്ഞ ന്യായം. വിവിധ ക്രൈസ്തവ സഭകളുടെ സഹകരണവും ബിജെപി പ്രതീക്ഷിച്ചിരുന്നു. ഇന്നലെ കൂട്ടായ്മയുടെ ആരംഭം എന്ന നിലക്കാണ് എറണാകുളം വഞ്ചി സ്‌ക്വയറില്‍ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചത്.

എന്നാല്‍ ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ളവരും പാര്‍ട്ടിയില്‍ നിന്നും പങ്കാളിത്തം തീരെ കുറവായിരുന്നു. പരിപാടി സമയത്തിന് തുടങ്ങിയില്ല. ഇതിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള സംഘാടകരോട് കയര്‍ത്തു.

വീണ്ടും നീണ്ടുപോയപ്പോള്‍ മൈക്ക് കെട്ടാന്‍ കാത്തുനില്‍ക്കാതെ പരിപാടി ആരംഭിക്കുകയായിരുന്നു. ഞങ്ങള്‍ ആര്‍ക്കും എതിരല്ല, ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഇങ്ങോട്ടുവരാം. അവരെയെല്ലാം സ്വാംശീകരിച്ച് മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങളെന്ന് ശ്രീധരന്‍പിള്ള യോഗത്തില്‍ പറഞ്ഞു.

കേരളത്തില്‍ ക്രൈസ്തവ കൂട്ടായ്മ സംഘടിപ്പിക്കുന്നുവെന്നതിന് ദേശീയ തലത്തില്‍തന്നെ വലിയ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്. ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ടുപോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാന്‍ ഇടയലേഖനം ഇറക്കിയവരുണ്ട്. എന്നാല്‍, അവരെ കുറ്റപ്പെടുത്തി മാറ്റി നിര്‍ത്താന്‍ ഞങ്ങള്‍ ഒരുക്കമല്ല. അവരെയും മാറ്റിയെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ട് ശ്രീധരന്‍ പിള്ള പറഞ്ഞു.

കടപ്പാട്: മാതൃഭൂമി