അബ്ദുള്ളക്കുട്ടി ‘കീറാമുട്ടി’യെന്ന് വീക്ഷണം: ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ല, സുധീരന് വ്യക്തി വിരോധമെന്നും അബ്ദുള്ളക്കുട്ടി

single-img
30 May 2019

തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വിജയത്തെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എപി അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗം. അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ് എന്നും മുഖ്യപ്രസംഗം വിമര്‍ശിക്കുന്നു.

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്. മഞ്ചേശ്വരം സീറ്റ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബിജെപിയിലേക്കു പോകുന്നത്. രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു. ഇത്തരം അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

അതേസമയം, ബി.ജെ.പിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പിയിലെ കര്‍ണാടക നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നത് അഭ്യൂഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീക്ഷണത്തില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന വിധത്തില്‍ വിധി പ്രസ്താവം നടത്തിയിരിക്കയാണ്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പിന് കുറിച്ച് താന്‍ ആലോചിച്ചിട്ടില്ല. തേന്നാട് വിശദീകരണം ചോദിക്കാതെയാണ് വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. മോദിയെ കുറിച്ച് താനിട്ട ഫേസ്ബുക് പോസ്റ്റ് ആത്മാര്‍ഥമായ തെരഞ്ഞെടുപ്പ് വിശകലനം മാത്രമായിരുന്നുവെന്നും അബ്ദുല്ലകുട്ടി പറഞ്ഞു.

വ്യക്തി വലരോധമാണ് കഴിഞ്ഞ പത്തു വര്‍ഷമായി വി.എം സുധീരന്‍ തന്നോട് കാണിച്ചിട്ടുള്ളത്. തന്റെ വികസന കാഴ്ചപ്പാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എതിര്‍ക്കുന്നത്. നാലുവരി പാതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്ത യോഗത്തില്‍ അതിനെ വിമര്‍ശിച്ച സുധീരനെതിരെ നിന്നതിനാണ് അദ്ദേഹവും അനുയായികളും തനിക്കെതിരെ തിരിഞ്ഞതെന്നും അബ്ദുള്ളകുട്ടി ആരോപിച്ചു.

ഒരു ആദര്‍ശവുമില്ലാത്ത നേതാവാണ് വി.എം സുധീരന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഇല്ലാതാക്കിയ നേതാവാണ് അദ്ദേഹം. അതിനാല്‍ സുധീരന്‍ വലിയ പാര്‍ട്ടി സ്‌നേഹമോ ആദര്‍ശമോ തന്നോട് പറയേണ്ടെന്നും അദ്ദേഹത്തിന്റെ കാപട്യം ജനങ്ങള്‍ക്ക് മനസിലാകുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.