എ.പി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്; ലക്ഷ്യം മഞ്ചേശ്വരം സീറ്റ് ?

single-img
30 May 2019

എ.പി. അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍. അബ്ദുള്ളക്കുട്ടി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യുന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസ് അച്ചടക്ക നടപടിയെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ഊര്‍ജിതമാക്കിയത്. എല്ലാ നേതാക്കളെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.

അതിനിടെ, കണ്ണൂര്‍ ഡിസിസിയുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിക്കാന്‍ കെപിസിസി തീരുമാനിച്ചിരുന്നു. ഈ വിശദീകരണം ലഭിച്ച ശേഷം അബ്ദുള്ളക്കുട്ടിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണു സൂചന.

അതേസമയം, ബി.ജെ.പിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പിയിലെ കര്‍ണാടക നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നത് അഭ്യൂഹമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീക്ഷണത്തില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന വിധത്തില്‍ വിധി പ്രസ്താവം നടത്തിയിരിക്കയാണ്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പിന് കുറിച്ച് താന്‍ ആലോചിച്ചിട്ടില്ല. തേന്നാട് വിശദീകരണം ചോദിക്കാതെയാണ് വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. മോദിയെ കുറിച്ച് താനിട്ട ഫേസ്ബുക് പോസ്റ്റ് ആത്മാര്‍ഥമായ തെരഞ്ഞെടുപ്പ് വിശകലനം മാത്രമായിരുന്നുവെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.

വ്യക്തി വലരോധമാണ് കഴിഞ്ഞ പത്തു വര്‍ഷമായി വി.എം സുധീരന്‍ തന്നോട് കാണിച്ചിട്ടുള്ളത്. തന്റെ വികസന കാഴ്ചപ്പാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹം എതിര്‍ക്കുന്നത്. നാലുവരി പാതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്ത യോഗത്തില്‍ അതിനെ വിമര്‍ശിച്ച സുധീരനെതിരെ നിന്നതിനാണ് അദ്ദേഹവും അനുയായികളും തനിക്കെതിരെ തിരിഞ്ഞതെന്നും അബ്ദുള്ളകുട്ടി ആരോപിച്ചു.

ഒരു ആദര്‍ശവുമില്ലാത്ത നേതാവാണ് വി.എം സുധീരന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഇല്ലാതാക്കിയ നേതാവാണ് അദ്ദേഹം. അതിനാല്‍ സുധീരന്‍ വലിയ പാര്‍ട്ടി സ്‌നേഹമോ ആദര്‍ശമോ തന്നോട് പറയേണ്ടെന്നും അദ്ദേഹത്തിന്റെ കാപട്യം ജനങ്ങള്‍ക്ക് മനസിലാകുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.