ട്രെയിനിനുള്ളില്‍ നഷ്ടപ്പെടുന്ന വസ്തുക്കള്‍ കണ്ടെത്താന്‍ ഇനി ‘എളുപ്പവഴി’

single-img
29 May 2019

ട്രെയിനിനുള്ളില്‍ വച്ച് നഷ്ടപ്പെടുന്ന വസ്തുക്കള്‍ ഉടമയ്ക്ക് തിരികെ നല്‍കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി റെയില്‍വെ. ‘മിസ്സിങ് കാര്‍ട്ട്’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രെയിനിന് ഉള്ളിലും റെയില്‍വെ സ്റ്റേഷന്‍ പരിധിക്കകത്തുമായി യാത്രക്കാര്‍ക്ക് നഷ്ടപ്പെടുന്ന വസ്തുക്കള്‍ തിരികെ ലഭിക്കാന്‍ അവസരമൊരുക്കുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ പരീക്ഷണാര്‍ത്ഥം പദ്ധതി നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. missingcart.com എന്ന വൈബ്‌സൈറ്റിന്റെ ഹോംപേജില്‍ ആര്‍പിഎഫ് ഹെല്‍പ്‌ലൈന്‍ നമ്പര്‍, ഉടമസ്ഥന് നഷ്ടപ്പെട്ട വസ്തുവിന്റെ വിവരങ്ങള്‍, റെയില്‍വെ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള വസ്തുക്കളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തും. ഈ വിവരങ്ങള്‍ അനുസരിച്ച് യാത്രക്കാര്‍ക്ക് നഷ്ടപ്പെട്ട വസ്തുക്കള്‍ എളുപ്പത്തില്‍ കണ്ടെത്താനാകും.

പ്രളയകാലത്ത് ആളുകള്‍ക്ക് നഷ്ടപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കള്‍ തിരികെ ഉടമസ്ഥരുടെ പക്കല്‍ എത്തക്കുന്നതിന് ഒരു കൂട്ടം യുവാക്കളാണ് മിസ്സിങ് കാര്‍ട്ട്’ എന്ന ആശയത്തിന് തുടക്കം കുറിച്ചത്. കെഎസ്‌ഐഡിസിയുടെ ബിസിനസ് സ്റ്റാര്‍ട്ടപ്പാണിത്. ‘മിസ്സിങ് കാര്‍ട്ട്’ എന്ന ആശയവുമായി ഇതിന്റെ സ്ഥാപകര്‍ ആര്‍പിഎഫിനെ സമീപിക്കുകയായിരുന്നു.