സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്; പഴയ ഫോണ്‍ വിറ്റപ്പോള്‍ അത് കലാശിച്ചത് വീട്ടമ്മയുടെ ആത്മഹത്യയിലും മറ്റൊരു കൊലപാതകത്തിലും

single-img
29 May 2019

കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് കുഞ്ഞിനെയും കൊണ്ട് യുവതി കനാലില്‍ ചാടി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പ്രണയിക്കുന്ന കാലത്ത് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാതെ മുന്‍കാമുകന്‍ മൊബൈല്‍ ഫോണ്‍ വിറ്റതിനെ തുടര്‍ന്നാണ് യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു കൊലപാതകത്തിന്റെയും ചുരുളഴിയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

35 വയസ്സുകാരിയായ ഒരു യുവതിയാണ് നാടകീയ സംഭവങ്ങളിലെ നായിക. വിവാഹിതയായി, ഭര്‍ത്താവിനും മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടെ ഒരു ദിവസം ഇവര്‍ അളകനനന്ദ പാലത്തില്‍നിന്ന് നദിയിലേക്കു ചാടി ആത്മഹത്യാശ്രമം നടത്തി. മുസഫര്‍നഗറിലെ ഗംഗന്‍ഹര്‍ കനാലിന്റെ കൈവഴിയിലേക്കാണ് യുവതി അഞ്ചുവയസ്സുകാരന്‍ മകനെയുമെടുത്ത് ചാടിയത്.

മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തി മകനെ രക്ഷിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ചിത്രങ്ങള്‍ കുറച്ചുനാള്‍ മുമ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതായി കണ്ടെത്തി. യുവതിയും മുന്‍ കാമുകനുമൊത്തുള്ള ചിത്രങ്ങളാണ് വൈറലായത്.

ശുഭം കുമാര്‍ എന്നാണ് യുവതിയുടെ മുന്‍ കാമുകന്റെ പേര്. ഇയാള്‍ തന്റെ ഫോണിന്റെ ഗ്യാലറിയിലുണ്ടായിരുന്ന കാമുകിയുടെ ചിത്രങ്ങള്‍ മായ്ച്ചുകളയാതെ ഫോണ്‍ വിറ്റു. മീററ്റിലുള്ള അനൂജ് പ്രജാപതി എന്നയാള്‍ക്കാണ് ഫോണ്‍ വിറ്റത്. ഫോണില്‍ രഹസ്യസ്വഭാവമുള്ള ചിത്രങ്ങള്‍ കണ്ട പ്രജാപതി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വൈറലാവുകയും ചെയ്തു.

ഇതേത്തുടര്‍ന്നാണ് മാനഹാനി ഭയന്ന് യുവതി ആത്മഹത്യ ചെയ്തത്. പക്ഷേ, കടുത്ത നടപടിക്കു മുമ്പ് യുവതി ഒരു ബൂത്തുടമയുടെ ഫോണില്‍നിന്ന് അവസാനമായി വിളിച്ചിരുന്നു. ഈ വിളി അന്വേഷിച്ചുചെന്ന പൊലീസ് യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്തി. അതോടെയാണ് യുവതിയുടെ പേരും വിവരങ്ങളും വെളിപ്പെട്ടത്.

പിന്നീട് ചിത്രങ്ങള്‍ ലീക്ക് ചെയ്തയാളെ തേടി പൊലീസ് പ്രജാപതിയുടെ വീട്ടിലെത്തി. എന്നാല്‍ അവിടെ വച്ച് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു പൊലീസ് അറിഞ്ഞത്. യുവതി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രജാപതി കൊല്ലപ്പെട്ടെന്ന വാര്‍ത്തായായിരുന്നു അത്.

മെയ് 23ന് ശുഭവും സുഹൃത്തുക്കളും ചേര്‍ന്നാണ് പ്രജാപതിയെ കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രജാപതിയുടെ ഘാതകരെ പൊലീസ് തിരിച്ചറിഞ്ഞത്. കേസില്‍ ശുഭത്തെയും കൂട്ടരേയും അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ ശുഭവും കൂട്ടരും പൊലീസിന് കീഴടങ്ങി. കേസില്‍ ശുഭമടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തതായി സഹാരണ്‍പൂര്‍ എസ്എസ്പി ദിനേശ് കുമാര്‍ പറഞ്ഞു.