രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രക്ഷയൊരുക്കി ആനവണ്ടി; യാത്രക്കാര്‍ പകച്ചു നിന്നപ്പോള്‍ ബസ് റൂട്ട് മാറ്റി ഹോസ്പിറ്റലിലേക്ക് ഓടിച്ച് കയറ്റി ഡ്രൈവര്‍

single-img
29 May 2019

മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ആര്‍എസ്എം 924 (KL 15 A 461) ബസ്സിലെ ഡ്രൈവറാണ് രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. അടിവാരത്ത് നിന്നും ബസ്സില്‍ കയറിയ നൂറാംതോട് സ്വദേശികളായ ബാബു, അബിദ ദമ്പതികളുടെ കുഞ്ഞിന് ബസ്സില്‍ വെച്ച് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയായിരുന്നു.

എന്തു ചെയ്യണമെന്ന് അറിയാതെ രക്ഷിതാക്കളും യാത്രക്കാരും പകച്ചു നിന്നപ്പോള്‍, ഡ്രൈവര്‍ താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി വണ്ടി തിരിച്ച് മദര്‍ മേരി ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം.

കുഞ്ഞിന് പനിയുടെ ലക്ഷണം കണ്ടതിനാല്‍ ഡോക്ടറെ കാണിക്കാനാണ് രക്ഷിതാക്കള്‍ പുറപ്പെട്ടത്. യാത്രക്കിടയില്‍ കുഞ്ഞ് പാല്‍ കുടിക്കാതിരിക്കുകയും, ശ്വാസം നിലക്കുകയുമായിരുന്നു. കുഞ്ഞിന് ഷിഗല്ല പനിയുടെ ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തിരിക്കുകയാണ്.