കോഴിക്കോട് മദ്യലഹരിയില്‍ വെട്ടുകത്തിയുമായി പുറത്തിറങ്ങിയ യുവതി പൊലീസിനെ വട്ടം കറക്കിയത് 12 മണിക്കൂര്‍; ഒടുവില്‍ മൂന്ന് വണ്ടി പൊലീസെത്തി അറസ്റ്റ്

single-img
29 May 2019

കോഴിക്കോട്: മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസെത്തിയെങ്കിലും ആദ്യം ഇവരെ കീഴടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാര്‍ക്കെതിരെയും പൊലീസിനെതിരെയും ഇവര്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഒടുവില്‍ മൂന്ന് വണ്ടി പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വെള്ളിപറമ്പിലെ വാടക വീട്ടില്‍ നിന്ന് മദ്യലഹരിയില്‍ വെട്ടുകത്തിയുമായി പുറത്തിറങ്ങിയ യുവതിയെ പിടിച്ചുകൊണ്ടുപോകണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ മെഡിക്കല്‍ കോളേജ് പൊലീസാണ് യുവതിയെയും കൊണ്ട് മണിക്കൂറുകളോളം വട്ടം കറങ്ങിയത്.

യുവതിയുടെ കയ്യില്‍ നിന്ന് കത്തി വാങ്ങിയ ശേഷം വനിത പൊലീസുകാര്‍ അവരെ വീടിനകത്തേക്കു കയറ്റി. താന്‍ മാധ്യമപ്രവര്‍ത്തകയാണെന്നും തന്റെ പിടിപാട് അറിയില്ലെന്നും പറഞ്ഞ് യുവതി പൊലീസുകാരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അസഭ്യം പറച്ചിലും ഉച്ചത്തിലായതോടെ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ ബീച്ച് ആശുപത്രിയിലെത്തിച്ചു.

ഇവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ടും നല്‍കി. നാട്ടുകാര്‍ കൂടിയതോടെ ഇവര്‍ നാട്ടുകാര്‍ക്കു നേരെയും തിരിഞ്ഞു. ഒടുവില്‍ ഇവരെ വാഹനത്തില്‍ കയറ്റാനായി 3 ജീപ്പ് പൊലീസുകാര്‍ എത്തേണ്ടി വന്നു. വാഹനത്തില്‍ കയറ്റിയ ശേഷം വീണ്ടും പുറത്തിറങ്ങി ഇവര്‍ അസഭ്യം പറഞ്ഞു.

പുലര്‍ച്ചെ നാലോടെ യുവതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു. പൊലീസിനെ അക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ സ്വന്തം വീട് എറണാകുളത്താണ്. ഇന്നലെ രാത്രി ഏറെ വൈകിയും ഇവരെ തിരഞ്ഞ് ആരും എത്തിയില്ല. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.