‘നിങ്ങള്‍ നിങ്ങളുടെ മണ്ഡലത്തിന്റെ കാര്യം നോക്കൂ’; പത്തുകോടി തിരിച്ചുചോദിച്ച കാര്‍ത്തി ചിദംബരത്തിനോട് സുപ്രീം കോടതി

single-img
29 May 2019

വിദേശയാത്രയ്ക്കു വേണ്ടി കെട്ടിവച്ച 10 കോടി രൂപ മടക്കിനല്‍കണമെന്ന കാര്‍ത്തി ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സ്വന്തം മണ്ഡലമായ തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോടതി കാര്‍ത്തിയോടു നിര്‍ദേശിച്ചു. വിദേശത്തു പോകണമെങ്കില്‍ വീണ്ടും പത്തു കോടി കൂടി കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ആദ്യം നല്‍കിയ പത്തു കോടി തിരികെ നല്‍കിയാല്‍ ഇത്തവണത്തെ ഗ്യാരന്റി തുക 20 കോടിയാക്കി ഉയര്‍ത്തുമെന്നും കോടതി പറഞ്ഞു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും അന്വേഷണം നേരിടുന്നയാളാണ് കാര്‍ത്തി ചിദംബരം. ഈ വര്‍ഷം ആദ്യം വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അനുമതിയ്ക്കായാണ് അദ്ദേഹം പത്തുകോടി രൂപ സെക്യൂരിറ്റിയായി നിക്ഷേപിച്ചത്.

ഈമാസം ആദ്യം ടെന്നിസ് അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുക്കാനായി യു.എസ്, ജര്‍മ്മനി, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലേക്ക് പോകാന്‍ അദ്ദേഹം അനുമതി തേടിയിരുന്നു. നേരത്തെ കെട്ടിവെച്ച തുകയ്ക്ക് പുറമേ പത്തുകോടി രൂപ കൂടി സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്.

കോടതി ഉത്തരവിനു പിന്നാലെയാണ് ആദ്യം കെട്ടിവെച്ച തുക താന്‍ ലോണ്‍ എടുത്തതാണെന്നും ഇതിനു പലിശ നല്‍കുന്നുണ്ടെന്നും അതിനാല്‍ അത് റീഫണ്ട് ചെയ്തു തരണമെന്നും ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം കോടതിയെ സമീപിച്ചത്.

ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. ‘പത്തുകോടി രൂപ ഞങ്ങള്‍ റീഫണ്ട് ചെയ്തു നല്‍കാം. ഞങ്ങള്‍ രണ്ടാമത്തെ ഉത്തരവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 20കോടിയായി വര്‍ധിപ്പിച്ചശേഷം മാത്രം. അതിന് തയ്യാറാണോ? നിങ്ങളുടെ മണ്ഡലത്തിന്റെ കാര്യം നോക്കൂ’ എന്നായിരുന്നു കോടതി പറഞ്ഞത്.

എയര്‍സെല്‍ മാക്‌സിസ്, ഐഎന്‍എക്‌സ് മീഡിയ എന്നീ കേസുകളില്‍ കാര്‍ത്തിയും പിതാവ് പി. ചിദംബരവും അന്വേഷണം നേരിടുകയാണ്. കാര്‍ത്തിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കുന്നതിനെ അന്വേഷണ ഏജന്‍സികള്‍ എതിര്‍ത്തിരുന്നു. അന്വേഷണവുമായി കാര്‍ത്തി സഹകരിക്കുന്നില്ലെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 51 ദിവസം കാര്‍ത്തി വിദേശത്തായിരുന്നുവെന്നും ഏജന്‍സികള്‍ വ്യക്തമാക്കി.