രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് അരുണ്‍ ജയ്റ്റ്‌ലി പിന്മാറി; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

single-img
29 May 2019

രണ്ടാം മോദി മന്ത്രിസഭയില്‍നിന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലി പിന്മാറി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ്റ്റ്‌ലി കത്തു നല്‍കി. ചികില്‍സയ്ക്കായി സമയം അനുവദിക്കണമെന്നും പുതിയ സര്‍ക്കാരില്‍ തനിക്ക് ഉത്തരവാദിത്തം നല്‍കരുതെന്നും അഭ്യര്‍ഥിച്ചാണ് ജയ്റ്റ്‌ലിയുടെ കത്ത്.

കത്ത് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണു നേരിടേണ്ടിവന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോദി കേദാര്‍നാഥ് ക്ഷേത്രത്തിലേക്കു തിരിച്ചപ്പോള്‍ ഇക്കാര്യം വാക്കാല്‍ പറഞ്ഞിരുന്നുവെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ഇതോടെ ധനമന്ത്രിസ്ഥാനത്തേക്ക് പുതിയ ആള്‍ എത്തുമെന്ന് ഉറപ്പായി. അരുണ്‍ ജയ്റ്റ്‌ലി വിദേശത്തേക്ക് ചികിത്സയ്ക്ക് പോയ സമയത്ത് പകരം ചുമതല വഹിച്ച മുന്‍ ഊര്‍ജ, റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ പുതിയ ധനമന്ത്രിയാകുമെന്നാണ് സൂചന. ഇന്ന് രാത്രി മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകുമെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കും. ഇതിന് മുന്നോടിയായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ് നരേന്ദ്രമോദിയും അമിത് ഷായും.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെ ഉദ്യോഗസ്ഥരുടെ തീരുമാനവും ഇന്നുണ്ടാകും. പിഎംഒ ഓഫീസില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 2014ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും.