ഇന്ത്യക്ക് പടുകൂറ്റൻ വിജയം: ധോണിക്കും രാഹുലിനും സെഞ്ചുറി

single-img
29 May 2019

അവസാന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടി ടീം ഇന്ത്യ ലോകകപ്പിന് കച്ചമുറുക്കി. കോലിപ്പട ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് 95 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. സെഞ്ചുറി പ്രകടനവുമായി ഇന്ത്യയുടെ ലോകകപ്പ് ആവേശം ഉയര്‍ത്തിയ എം എസ് ധോണിയും കെ എല്‍ രാഹുലുമാണ് ബംഗ്ലാ കടുവകളെ തുരത്തിയത്.

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് അടിച്ചെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 102 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ധോനിയും രാഹുലും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 164 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

രാഹുൽ 99 പന്തിൽ 12 ഫോറും നാല് സിക്സും സഹിതം 108 റൺസ് നേടി. 78 പന്തിൽ എട്ടു ഫോറും ഏഴു സിക്സും സഹിതം 113 റൺസാണ് എം.എസ് ധോനി അടിച്ചെടുത്തത്. ഏഴു റൺസോടെ ദിനേശ് കാർത്തിക്കും 11 റൺസുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.

ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഓപ്പണര്‍മാരായ സൗമ്യ സര്‍ക്കാരും(25) ലിറ്റണ്‍ ദാസും(73 തിളങ്ങി. പിന്നീടുവന്നവരില്‍ വിക്കറ്റ് കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീം മാത്രമാണ് തിളങ്ങിയത്.  ഷാക്കിബിനെ ബുംറയും മിഥുനെ ചാഹലും ഗോള്‍ഡണ്‍ ഡക്കാക്കി. മഹമ്മദുള്ള(9), സാബിര്‍(7), ഹൊസൈന്‍(0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍. 94 പന്തില്‍ 90 റണ്‍സെടുത്ത് മുഷ്‌ഫിഖുര്‍ ആറാമനായി പുറത്തായതോടെ ബംഗ്ലാദേശ് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ന്യൂസീലൻഡിനെതിരായ സന്നാഹ മത്സരത്തിൽ വമ്പൻ തോൽവിയാണ് ഇന്ത്യ നേരിട്ടത്. 179 റൺസിന് ഇന്ത്യയെ ന്യൂസീലൻഡ് പേസ് ബൗളർമാർ എറിഞ്ഞിട്ടു. 77 പന്ത് ബാക്കിനിൽക്കെ അവർ ജയിച്ചു.