ഇവിഎം കടത്തിയ യുപിയിലും ബിഹാറിലും വോട്ട് എണ്ണിയപ്പോള്‍ പോള്‍ ചെയ്തതിലും കൂടുതല്‍ വോട്ടുകള്‍: ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ടില്‍ ‘കണ്ണടച്ച്’ പ്രതിപക്ഷം

single-img
29 May 2019

ബീഹാറിലും ഉത്തര്‍പ്രദേശിലുമുള്ള വിവിധ ലോക്‌സഭാ മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും ഒരു കുലുക്കവുമില്ലാതെ പ്രതിപക്ഷം. ഉത്തര്‍പ്രദേശിലും ബിഹാറിലും ഇവിഎമ്മുകള്‍ അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതായുള്ള വീഡിയോകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ ദുരൂഹത അവസാനിക്കുന്നതിന് മുമ്പാണ് വോട്ടുകളുടെ എണ്ണത്തിലെ വ്യത്യാസം പുറത്തുവന്നിരിക്കുന്നത്. എന്നിട്ടും പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരെ ശബ്ദിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

തിരഞ്ഞെടുപ്പില്‍ വലിയ കളികള്‍ നടന്നിട്ടുണ്ടെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിയോട് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. അതേസമയം നിലവിലെ സാഹചര്യം സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നത് വരെ പൊതുപ്രസ്താവന നടത്തുന്നില്ലെന്ന് കനയ്യകുമാര്‍ ന്യൂസ് ക്ലിക്കിനോട് പറഞ്ഞു. മറ്റ് പ്രതിപക്ഷ കക്ഷികളുടെ മുതിര്‍ന്ന നേതാക്കളാരും തന്നെ ഇതുവരെ വിഷയത്തില്‍ കാര്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിര്‍ന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത നല്‍കിയ ശേഷം ഉടന്‍ പിന്‍വലിച്ചെങ്കിലും പിന്നീട് തിരുത്തലുകളോട് കൂടി വീണ്ടും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്ത തിരുത്താനുള്ള കാരണവും ന്യൂസ് ക്ലിക്ക് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ അവസാന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആദ്യ വാര്‍ത്ത തിരുത്തിയതെന്ന് ന്യൂസ് ക്ലിക്ക് റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ പുറത്ത് വിട്ട റിപോര്‍ട്ടില്‍ നല്‍കിയിരുന്ന മണ്ഡലങ്ങളില്‍ ചിലതില്‍ വോട്ടിലെ വ്യത്യാസങ്ങള്‍ വലുതല്ലാത്തതിനാലാണ് ഒഴിവാക്കിയതെന്നും വിശദീകരണമുണ്ട്.

ബിഹാറിലെ ജഹനാബാദ്, പാട്‌ന സാഹിബ്, ബേഗുസാരായ്, ഉത്തര്‍പ്രദേശിലെ ബദൗന്‍, ഫാറുഖാബാദ് മണ്ഡലങ്ങളിലാണ് ക്രമക്കേട് നടന്നതായി ന്യൂസ് ക്ലിക്ക് ചൂണ്ടിക്കാണിക്കുന്നത്. ഓരോ മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍, പോളിങ് ശതമാനം, വോട്ട്, എണ്ണിയ വോട്ട്, വ്യത്യാസം, ഭൂരിപക്ഷം തുടങ്ങിയവയുടെ പട്ടികയും വാര്‍ത്തയ്‌ക്കൊപ്പമുണ്ട്. ബിജെപി സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലങ്ങളിലെല്ലാം ജയിച്ചത്.

പ്രധാനമായും ബിഹാറിലെ ജഹാനാബാദ് മണ്ഡലത്തില്‍ ആകെ 15,75,018 വോട്ടാണ്. പോളിങ് ശതമാനം 53.75. ആകെ പോള്‍ ചെയ്ത വോട്ട് 8,45,312. എണ്ണിയപ്പോള്‍ 8,22,233 വോട്ട്. വ്യത്യാസം 23,079 വോട്ടുകളുടെ കുറവ്. അവിടെ ജയിച്ച ജെഡിയു സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 1700 വോട്ട്.

ബിഹാറിലെ പട്‌നാ സാഹിബില്‍ മൊത്തം വോട്ട് 21,36,800. പോള്‍ ശതമാനം 43.10. പോള്‍ ചെയ്ത വോട്ട് 9,20,961, എണ്ണിയപ്പോള്‍ 9,82,939. വ്യത്യാസം 61,978 വോട്ട് അധികം. ബിജെപി സ്ഥാനാര്‍ത്ഥി രവിശങ്കര്‍ പ്രസാദിന് എതിര്‍ സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹയുടെ മേലുള്ള ഭൂരിപക്ഷം 4 ലക്ഷം.

ബിഹാറിലെ തന്നെ ബെഗുസരായ് മണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍ 19,42,769. പോള്‍ ശതമാനം 62.32. പോള്‍ചെയ്തത് 12,10,734, എണ്ണിയത് 12,26,503. വ്യത്യാസം 15769 വോട്ടുകള്‍ അധികം. ബിജെപി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിങിന് കനയ്യ കുമാറിന് മേലുളള ഭൂരിപക്ഷം 4 ലക്ഷം.

കനയ്യയ്ക്കും ഗിരിരാജ് സിംഗിനും പുറമെ ആര്‍ജെഡിയുടെ മുഹമ്മദ് തന്‍വീര്‍ ഹസനായിരുന്നു മറ്റൊരു ശ്രദ്ധേയ സ്ഥാനാര്‍ത്ഥി. 6,92,193 വോട്ടാണ് ഗിരിരാജ് സിംഗിന് ലഭിച്ചത്. 2,69,976 വോട്ട് കനയ്യയ്ക്കും 1,98,233 വോട്ട് തന്‍വീറിനും ലഭിച്ചത്. മറ്റുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും കൂടെ നേടിയത് 44,747 വോട്ടാണ്.

യുപിയില്‍ ബദൗന്‍ മണ്ഡലത്തില്‍ ആകെ വോട്ട് 18,90,129, പോള്‍ ശതമാനം 56.7. പോള്‍ ചെയ്ത വോട്ട് 10,71,744, എണ്ണിയത് 10,81,108. വ്യത്യാസം 9364 വോട്ടുകള്‍ അധികം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡോ. സംഘമിത്ര മൗര്യ ജയിച്ച ഭൂരിപക്ഷം 18,384. ഫാറൂഖാബാദ് മണ്ഡലത്തില്‍ ആകെ വോട്ട് 17,03,926, പോള്‍ ശതമാനം 58.72, പോള്‍ ചെയ്തത് 10,00,563. എണ്ണിയത് 10,02,953. വ്യത്യാസം 2390 വോട്ടുകള്‍ അധികം. ബി.ജെ.പി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത് ജയിച്ച ഭൂരിപക്ഷം 18,454.

https://www.newsclick.in/Elections-commission-India-Votes-Discrepancies-2019