വീല്‍ചെയറിലെ പെണ്‍കുട്ടിയെ താലികെട്ടിയ ‘ഹീറോ’: സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ കല്യാണത്തിന് പിന്നില്‍ സിനിമാക്കഥയെ വെല്ലുന്ന പ്രണയകഥയുണ്ട്

single-img
29 May 2019

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രമാണ് ഇത്. ബെംഗളൂര്‍ ഡെയ്‌സിലെ അജു സെറയെ ജീവിതത്തിലേക്ക് ക്ഷണിച്ച പോലെ എന്ന് പറഞ്ഞാണ് ഈ ചിത്രം പലരും ഷെയര്‍ ചെയ്തത്. എന്നാല്‍ ഇവരെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും തന്നെ ആരും പറഞ്ഞിരുന്നില്ല.

ക്ലിന്റോ ജഗന്‍, പാവ്‌നി ശ്രീകണ്ഠന്‍ എന്നിവരാണ് ആ ദമ്പതികള്‍. സിനിമാക്കഥപോലെ മനോഹരമാണ് ക്ലിന്റോയുടെയും പാവ്‌നിയുടെയും പ്രണയവും വിവാഹവും. യുകെയില്‍ സ്ഥിരതാമസമാക്കിയ തമിഴ് കുടുംബമാണ് പാവ്‌നിയുടേത്. തൃശൂര്‍ സ്വദേശിയായ ക്ലിന്റോ ദുബായില്‍ ജോലി ചെയ്യുന്നു.

പാവ്‌നി ലണ്ടനില്‍ ആരംഭിക്കുന്ന മ്യൂസിക്ക് സ്‌കൂളിന്റെ ഇന്റീരിയര്‍ ജോലിയുമായി ബന്ധപ്പെട്ടാണ് ഇരുവരും ആദ്യം സംസാരിക്കുന്നത്. പിന്നീട് ആ സൗഹൃദം വളര്‍ന്നു. പ്രണയം തുറന്നു പറഞ്ഞശേഷം പാവ്‌നി ക്ലിന്റോയെ ദുബായിലേക്ക് വന്ന് കാണുകയായിരുന്നു.

പരസ്പരം കാണണമെന്നുണ്ടായിരുന്നെങ്കിലും ക്ലിന്റോക്ക് യുകെയില്‍ പോകാനുള്ള വിസയില്ലായിരുന്നു. ഇതറിഞ്ഞ് അവള്‍ തനിയെ ഫ്‌ളൈ ചെയ്ത് വരികയായിരുന്നുവെന്ന് ക്ലിന്റോ പറയുന്നു. എന്നെക്കാണാന്‍ ദുബായിലേക്ക് വരുന്നതില്‍ അച്ഛനും അമ്മയ്ക്കും ഭയമുണ്ടായിരുന്നു.

അപരിചിതനായ ഒരാളെക്കാണാന്‍ അപരിചിതമായ നഗരത്തില്‍ പോകുന്നത് അവര്‍ക്ക് ആശങ്കയുണ്ടാക്കി. എന്നാല്‍ അവരെ പറഞ്ഞുമനസിലാക്കി അവള്‍ ധൈര്യപൂര്‍വ്വം കാണാന്‍ വന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാന്‍ വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. മമ്മിക്ക് എതിര്‍പ്പില്ലായിരുന്നു, എന്നാലും പപ്പയ്ക്ക് കുറച്ച് എതിര്‍പ്പായിരുന്നു.

ഇങ്ങനെയൊരു കുട്ടിയെ കല്യാണം കഴിച്ചാല്‍ ശരിയാകുമോയെന്ന സംശയം കൊണ്ട് ഉണ്ടായ എതിര്‍പ്പാണ്. എന്നാല്‍ പാവ്‌നിയെ നേരിട്ട് കണ്ട് സംസാരിച്ചതോടെ പപ്പയുടെ സംശയമെല്ലാം മാറി. പൂര്‍ണ്ണസമ്മതമായി. ഇരുവീട്ടുകാരും ഓക്കെ പറഞ്ഞതോടെ ഈ ഇരുപത്തി അഞ്ചിന് വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമെല്ലാം ചേര്‍ന്ന് ആഘോഷമായി ഞങ്ങളുടെ വിവാഹം നടത്തി തന്നു- ക്ലിന്റോ പറഞ്ഞു.

ഗുരൂവായൂരപ്പനെ സാക്ഷി നിര്‍ത്തിയാണ് ക്ലിന്റോ പാവ്‌നിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. തൃശൂര്‍ ചേവൂര്‍ സെയിന്റ് ഫ്രാന്‍സിസ് സേവ്യര്‍ സിറോ മലബാര്‍ കത്തോലിക്ക പള്ളയില്‍ പിന്നെ ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹവും നടന്നു.

പാവ്‌നിയെ ഗര്‍ഭിണിയായിരുന്ന സമയത്ത് അമ്മ സ്റ്റെപ്പില്‍ നിന്നും തെന്നിവീണു. ഈ വീഴ്ച ഏറെ ബാധിച്ചത് പാവ്‌നിയെയാണ്. അതോടെയാണ് അവളുടെ രണ്ടുകാലുകളും തളര്‍ന്നുപോയത്. സ്‌കൂള്‍ മ്യൂസിക്കില്‍ ആയിരുന്നു പഠനം. കര്‍ണ്ണാടിക്ക് സംഗീതത്തില്‍ പാവ്‌നി വിദഗ്ധയാണ്. പാവ്‌നി ഇതുവരെ സന്ദര്‍ശിച്ചത് ഇരുപത്തിമൂന്ന് രാജ്യങ്ങള്‍. നീന്തല്‍, കുതിര സവാരി, ഡ്രൈവിങ്ങ് എല്ലാം പുഷ്പം പോലെ ചെയ്യും. ബംഗളൂര്‍ ഡെയ്‌സിലെ സെറയെപ്പോലെ തന്നെ യുകെയില്‍ ആര്‍ജെയുമായിരുന്നു.

കടപ്പാട്: മനോരമന്യൂസ്

A heart is all you need, to love. #TrueLove

True love is Addictive. Inspiring. & Eye-opening.Here is to a couple, who showed the world, true love still exists.Watch him pour out his emotions on their reception day !!!Happy Married Life Clinto & Paavani

Posted by Lumiere Wedding Company on Tuesday, May 28, 2019