ആരോടും അയിത്തമില്ല; വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്ന് ബിജെപി

single-img
29 May 2019

പ്രധാനമന്ത്രി മോദിയെ സ്തുതിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ട എപി അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബിജെപി. മോദിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് ബിജെപിക്ക് ആരോടും അയിത്തമില്ലെന്നും ബിജെപിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത് പറഞ്ഞത്.

ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരമാണെന്ന് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എപി അബ്ദുള്ളക്കുട്ടി തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു.

പ്രധാനമന്ത്രിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ താങ്കള്‍ ബിജെപിയിലേക്ക് പോകുന്നോ എന്ന ചോദ്യത്തിന് വെറുതെ എന്നെ കുഴപ്പത്തിലാക്കരുത് എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടിക്കെതിരെ വിമര്‍ശനവുമായി കെപിസിസി അംഗം എഎം രോഹിത് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.