പശ്ചിമ ബംഗാളില്‍ ‘ശക്തിയാര്‍ജിച്ച്’ സിപിഎം; നൂറ്റി അന്‍പതിലേറെ ഓഫീസുകള്‍ ‘തിരിച്ചുപിടിച്ചു’

single-img
29 May 2019

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സി.പി.എമ്മിന് ആശ്വസിക്കാന്‍ വകയൊന്നുമില്ലെങ്കിലും മുഖ്യശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിതമായ തോല്‍വി സിപിഎമ്മിന് മറ്റൊരു തരത്തില്‍ സഹായകരമായി മാറിയിരിക്കുകയാണ്. തൃണമൂല്‍ അക്രമങ്ങളെ ഭയന്ന് അടച്ചിട്ടിരുന്നതും, തൃണമൂല്‍ കൈയ്യടക്കി വച്ചിരുന്നതുമായ നൂറ്റി അന്‍പതിലേറെ പാര്‍ട്ടി ഓഫീസുകള്‍ വീണ്ടും തുറക്കാനായതിന്റെ ആശ്വാസത്തിലാണ് സി.പി.എം ഇപ്പോള്‍.

2011 ല്‍ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കി തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയപ്പോള്‍ കയ്യേറിയ ഓഫീസുകളാണ് ഇപ്പോള്‍ തിരിച്ചു പിടിച്ചത്. ബങ്കുറ, പുരുലിയ, കൂച്ച്ബീഹാര്‍, ബര്‍ധാമന്‍, ഹൂഗ്ലി, നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ തുടങ്ങി പല സ്ഥലങ്ങളിലെയും ഓഫീസുകള്‍ തിരികെ പിടിച്ചെന്ന് മാത്രമല്ല പാര്‍ട്ടി ചിഹ്നങ്ങളും മറ്റും പെയിന്റ് ചെയ്യുകയും പാര്‍ട്ടി പതാക കെട്ടിടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

2011 ന് ശേഷം ആദ്യമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതെന്നും അതാണ് തങ്ങള്‍ ഓഫീസ് തിരിച്ചു പിടിക്കാന്‍ കാരണമെന്നും സീനിയറായ ഒരു പോളിറ്റ് ബ്യുറോ അംഗം ന്യൂസ് ഏജന്‍സിയായ പി.ടി.ഐ യോട് പ്രതികരിച്ചു. ‘തെരെഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബി.ജെ.പി വ്യാപകമായി തൃണമൂല്‍ ഓഫീസുകള്‍ കയ്യേറുന്നുണ്ടെന്നും തൃണമൂല്‍ നേരത്തെ കയ്യേറിയ തങ്ങളുടെ ഓഫീസുകള്‍ തിരിച്ചു പിടിക്കുന്നതില്‍ എന്താണ് തെറ്റെന്നുമാണ്’ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം പി.ടി .ഐയോട് പ്രതികരിച്ചത്.

അതേസമയം സി.പി.എം ഓഫീസുകള്‍ വീണ്ടും തുറന്നത് സംസ്ഥാനത്ത് ബി.ജെ.പിയുമായി സി.പി.എമ്മിനുള്ള ബന്ധത്തിന്റെ തെളിവായിട്ടാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇടത് പക്ഷത്തിന് വ്യാപകമായ വോട്ട് ചോര്‍ച്ചയുണ്ടായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ ചേക്കേറിയതായും വാര്‍ത്തകളുണ്ടായിരുന്നു.

കഴിഞ്ഞ തവണ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ 35 സീറ്റും തൃണമൂല്‍ നേടിയിരുന്നുവെങ്കില്‍ ഇക്കുറി കേവലം 22 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. അതേസമയം കഴിഞ്ഞ തവണ രണ്ടു സീറ്റുകളില്‍ ഒതുങ്ങിയിരുന്ന ബി.ജെ.പി ഇക്കുറി 18 സീറ്റുകള്‍ നേടി കരുത്തറിയിച്ചു.