പെരുന്നാളിന് ദുബായില്‍ രാജകീയ വിവാഹകാലം; ദുബായ് ഭരണാധികാരിയുടെ മൂന്ന് പുത്രന്മാരുടെ വിവാഹ ചടങ്ങുകള്‍ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത്


യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹ ചടങ്ങുകള്‍ ഈ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് നടക്കും. ഈ മാസം 15ന് സ്വകാര്യ ചടങ്ങില്‍ വെച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹ ചടങ്ങുകളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും നടന്നിരുന്നു.
ദുബായുടെ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (36) ശൈഖ ശൈഖ ബിന്ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. അതേപോലെ ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദും (35), ശൈഖ മറിയം ബിന്ത് ബുട്ടി അല്‍ മക്തൂമും വിവാഹിതരായി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന് ചെയര്മാന് ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദും (32), ശൈഖ മിദ്യ ബിന്ത് ദല്‍മൂജ് അല്‍ മക്തൂമുമാണ് വിവാഹിതരായത്.
അടുത്തമാസം ആറിന് നടക്കാനിരിക്കുന്ന ചടങ്ങിന്റെ ക്ഷണക്കത്ത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പേരിലുള്ള കത്തില്‍ ജൂണ്‍ ആറാം തിയതി വൈകുന്നേരം നാല് മണിക്ക് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ച് വിവാഹാഘോഷങ്ങള്‍ നടക്കുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുൻപ് നടന്ന ചടങ്ങിലേക്കുള്ള ക്ഷണക്കത്തിനൊപ്പം സ്വര്‍ണ നിറത്തിലുള്ള പാത്രത്തില്‍ ഒമാനി ഹല്വയുമുണ്ടായിരുന്നു.
അലങ്കരിക്കപ്പെട്ട പ്രത്യേക പെട്ടിയിലായിരുന്നു ഈ ഹല്‍വപ്പാത്രം. പെട്ടിയുടെ ഉള്ളിൽ സ്വര്ണനിറത്തില് അറബിയില്‍ ചടങ്ങിന്റെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. മൂന്ന് സഹോദരന്മാരും തങ്ങളുടെ വിവാഹ ഉടമ്പടിയിലേര്‍പ്പെടുന്ന ‘അഖദ്’എന്ന ചടങ്ങിലേക്കായിരുന്നു അന്ന് ക്ഷണം. അന്ന് നടന്ന ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു.