മോദിയെ പ്രശംസിച്ച അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എത്രയും പെട്ടെന്ന് ചെയ്യണമെന്ന് കെപിസിസി അംഗം എഎം രോഹിത്

single-img
28 May 2019

മോദിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ കെപിസിസി അംഗം എ എം രോഹിത് രംഗത്ത്. അബ്ദുള്ളക്കുട്ടിയെപ്പോലെയുള്ള മോദി ഭക്തരെ ഒരു നിമിഷം പോലും കോണ്‍ഗ്രസില്‍ വച്ചുപുലര്‍ത്തരുതെന്നും എത്രയും പെട്ടെന്ന് പുറത്തുകളയണമെന്നും എഎം രോഹിത് ഫേസ്ബുക്കിലൂടെ പറഞ്ഞു.

കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും പറയുവാനോ എഴുതുവാനോ സാധിക്കില്ലെന്നും എഎം രോഹിത് പറഞ്ഞു. മോദിയെ പുകഴ്ത്താനും വികസനനായകനായി ചിത്രീകരിക്കാനും അബ്ദുള്ളക്കുട്ടിക്ക് സ്വാതന്ത്രമുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ഇരുന്ന് കൊണ്ട് മോദിയെ പുകഴ്ത്തരുതെന്നും പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എത്രയും പെട്ടെന്ന് ചെയ്യണമെന്നും എഎം രോഹിത് പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.