ജൂണ്‍ ഒന്നുമുതല്‍ വിലക്കയറ്റം; ജീവന്‍രക്ഷാ വിഭാഗത്തില്‍പ്പെട്ടതൊഴികെ മരുന്നുകള്‍ക്കും ആഭരണങ്ങള്‍ക്കും വില കൂടും

single-img
28 May 2019

ജൂണ്‍ ഒന്നു മുതല്‍ കേരളത്തില്‍ ജി.എസ്.ടിക്ക് പുറമെ ഒരു ശതമാനം പ്രളയസെസും നല്‍കണം. കേരളത്തിന് പുറത്തു നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ സെസില്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. എത്രനാളത്തേക്കാണ് സെസ് എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

രണ്ടുവര്‍ഷത്തേക്കാണെന്നാണ് അനൗദ്യോഗിക വിശദീകരണം. സര്‍ക്കാര്‍ 600 കോടിയോളം രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിനകത്ത് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 5 മുതല്‍ 28 ശതമാനം വരെ കൂടുതല്‍ തുക ചരക്ക് സേവന നികുതിയായും വിലയുടെ ഒരു ശതമാനം പ്രളയസെസായും നല്‍കേണ്ടിവരും.

ജീവന്‍രക്ഷാ വിഭാഗത്തില്‍പ്പെട്ടതൊഴികെ മരുന്നുകള്‍ക്കും ആഭരണങ്ങള്‍ക്കും പായ്ക്ക് ചെയ്ത അരി, വെളിച്ചെണ്ണ, സോപ്പ് തുടങ്ങി ഒട്ടുമിക്ക സാധനങ്ങള്‍ക്കും പ്രളയസെസ് നല്‍കേണ്ടിവരും. മാര്‍ബിള്‍, സിമന്റ്, കമ്പി എന്നിവയ്ക്കും ബാങ്ക് ഡ്രാഫ്റ്റ്, ടെലിഫോണ്‍ ചാര്‍ജ്, ട്യൂഷന്‍ ഫീസ് തുടങ്ങിയവയ്ക്കും സെസ് ബാധകമായിരിക്കും.

വ്യാപാരികള്‍ ചെയ്യേണ്ടത് അതത് മാസത്തെ പ്രളയസെസ് വിവരങ്ങള്‍ ഫോറം നമ്പര്‍ കെ.എഫ്.സി എ കേരള ഫ്‌ളഡ് സെസ് റൂള്‍സ് 2019 ല്‍ ചേര്‍ത്ത് www.keralataxes.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. കോമ്പൗണ്ടിംഗ് സ്വീകരിച്ചിട്ടുള്ള വ്യാപാരികളും ഹോട്ടലുകളും റെസ്റ്റോറന്റുകളും കോമ്പൗണ്ടിംഗ് സ്വീകരിച്ചിട്ടുണ്ടെന്നും നികുതി ഈടാക്കുന്നതല്ലെന്നും കൗണ്ടറിന് മുന്നില്‍ പ്രദര്‍ശിപ്പിക്കണം