സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി: എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്

single-img
28 May 2019

സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി കോസ്റ്റല്‍ ഇന്റലിജന്റ്‌സ് വിംഗ് രൂപീകരിച്ചെന്നും കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീലങ്കയില്‍നിന്ന് സംശയകരമായ സാഹചര്യത്തില്‍ 15 ഐഎസ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി ലക്ഷ്യമാക്കി വെള്ള നിറത്തിലുള്ള ബോട്ടില്‍ നീങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ തമിഴ്‌നാട്, ബെംഗളൂരു, കശ്മീര്‍ എന്നിവിടങ്ങള്‍ക്കുപുറമേ കേരളത്തിലും സന്ദര്‍ശനം നടത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി മഹേഷ് സേനാനായകെ സ്ഥിരീകരിച്ചിരുന്നു.

കേരളം വിനോദസഞ്ചാര മേഖലയായതിനാല്‍ മറ്റുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ എത്താനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശ്രീലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തലിനോടു പ്രതികരിച്ചത്. ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കുകയാണെന്നും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും വ്യക്തമാക്കി.

അതേസമയം, കൊളംബോ സ്‌ഫോടനത്തിന്റെ സൂത്രധാരനു കേരളവുമായുള്ള ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്. ശ്രീലങ്കയിലെ അന്വേഷണവുമായി സഹകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ അനുമതി ലഭിച്ചു. ഡിജി വൈ.എസ്.മോദിയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ ലങ്കയിലേക്കു തിരിക്കും. ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റിലായവരുടെ വിവരങ്ങളും കൈമാറും. സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശ്രീലങ്ക നല്‍കും.