കുമ്മനം രാജശേഖരന്‍ കേന്ദ്രപരിസ്ഥിതി വകുപ്പ് മന്ത്രിയായേക്കും ?

single-img
28 May 2019

കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുന്നതിനു സാധ്യത കൂടി. പരിസ്ഥിതി അടക്കമുള്ള വകുപ്പുകള്‍ കുമ്മനത്തിനു നല്‍കുന്നതിനെക്കുറിച്ചാണു ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് എന്നാണ് വിവരം. കേന്ദ്ര നേതൃത്വത്തിന്റേതാകും അന്തിമ തീരുമാനം.

മന്ത്രിപദം സംബന്ധിച്ചു കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ചിലരുമായി ആശയവിനിമയം നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കുമ്മനത്തിനു കേന്ദ്രമന്ത്രി പദവി നല്‍കുന്നത് കേരളത്തിലെ പാര്‍ട്ടിക്കും ഗുണകരമാകുമെന്നാണു വിലയിരുത്തല്‍.

കുമ്മനത്തിനു പുറമെ ഒരാള്‍ക്കുകൂടി മന്ത്രിപദം ലഭിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ബിജെപിയില്‍ നടക്കുന്നുണ്ട്. സുരേഷ്‌ഗോപിയുടേയും വി.മുരളീധരന്റെയും പേരുകള്‍ക്കാണു മുന്‍തൂക്കം. രണ്ടുപേരും രാജ്യസഭാ അംഗങ്ങളാണ്. തൃശൂരിലെ പ്രകടനമാണു സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയര്‍ത്തിയത്.

അതേസമയം അമിത് ഷാ, മോദി സര്‍ക്കാരില്‍ മന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ബിജെപിയില്‍ പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകള്‍ തുടങ്ങി. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി നഡ്ഡ, പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.

അമിത് ഷാ അധ്യക്ഷ സ്ഥാനത്തേക്ക് വന്നപ്പോള്‍ അതിനൊപ്പം പരിഗണിച്ച പേരാണ് നഡ്ഡയുടേത്. അതിനാല്‍ തന്നെ ധര്‍മ്മേന്ദ്ര പ്രധാനേക്കാള്‍ സാധ്യത നഡ്ഡയ്ക്ക് തന്നെയാണ്. ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. അമിത് ഷാ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് രണ്ട് ടേം പൂര്‍ത്തിയാക്കി.