യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം: ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി അടക്കം നാലു പേര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
28 May 2019

മുംബൈയില്‍ ജാതി ആക്ഷേപത്തെ തുടര്‍ന്ന് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി അടക്കം നാലു പേര്‍ക്ക് സസ്‌പെന്‍ഷന്‍. ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ പി.ജി വിദ്യാര്‍ഥിനി പായല്‍ താദ്‌വിയാണ് ആത്മഹത്യ ചെയ്തത്. സീനിയര്‍ വിദ്യാര്‍ഥികളുടെ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെന്‍ട്രലിലെ സര്‍ക്കാര്‍ ആശുപത്രിയായ ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ ഇരുപത്തിമൂന്നുകാരിയായ യുവഡോക്ടര്‍ പായല്‍ സല്‍മാന്‍ താദ്വി ആത്മഹത്യചെയ്തത്. സീനിയേഴ്‌സിന്റെ ജാതീയമായ അതിക്ഷേപത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പിന്നാലെ സൂചനലഭിച്ചു.

താദ്വിയുടെ സഹപ്രവര്‍ത്തകരായ ഹേമ അഹൂജ, ഭക്തി മെയര്‍, അങ്കിത ഖണ്ഡല്‍വല്‍ തുടങ്ങിയവരുടെ അധിക്ഷേപമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആശുപത്രിയില്‍വച്ചും വാട്‌സാപ്പ് ഗ്രൂപ്പിലൂടെയും ഇവര്‍ താദ്വിയെ മോശമായി ചിത്രീകരിച്ചെന്നാണ് കണ്ടെത്തിയത്.

തുടര്‍ന്ന് മൂവര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തതില്‍ പൊലീസിനെതിരെ ആരോപണവുമായി താദ്വിയുടെ മാതാവും ബന്ധുക്കളും, സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഗോത്രവര്‍ഗമെന്നുകാട്ടിയുള്ള നിരന്തര അധിക്ഷേപത്തെക്കുറിച്ച് നേരത്തെയും താദ്വി പരാതിപറഞ്ഞിരുന്നെന്നും നടപടി വൈകിയതാണ് ആത്മഹത്യയിലെക്ക് നയിച്ചതെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍, സംഭവം നടക്കുന്നതുവരെ ഒരുതരത്തിലുമുള്ള പരാതി ലഭിച്ചിരുന്നില്ല എന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം, പ്രതികളായ മൂന്ന് വനിതാഡോക്ടര്‍മാരും മുംബൈ നഗരംവിട്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇവരെ ഉടന്‍ അറസ്റ്റുചെയ്യാനാകുമെന്ന് പൊലീസ് പറഞ്ഞു.