സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

single-img
28 May 2019

രണ്ടാം വട്ടവും തുടര്‍ച്ചയായി അധികാരമേല്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ചു. ചടങ്ങില്‍ പങ്കെടുക്കാനായി നാളെ മമത കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തും. നടന്മാരായ രജനീകാന്ത്, കമലഹാസന്‍ തുടങ്ങി രാജ്യത്തെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. അതേപോലെതന്നെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെ വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ പരസ്പരം പോരടിച്ചിരുന്നു മമതയും മോദിയും. അടുത്ത ദിവസങ്ങളില്‍ മാത്രം ബംഗാളില്‍ നിന്ന് അഞ്ച് എംഎല്‍എമാരടക്കം തൃണമൂല്‍ നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നത്.

സത്യപ്രതിജ്ഞാ സമയം വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ചടങ്ങിനെത്തില്ല എന്ന കാര്യം ഉറപ്പായി. വരുന്ന വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. കഴിഞ്ഞ മന്തിസഭയുടെ തുടക്കം 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റത്. ഇക്കുറിയും ആദ്യ പട്ടിക ചെറുതാവാനാണ് സാധ്യത.

മന്ത്രിസഭാ സ്ഥാനമേറ്റശേഷം ലോക്സഭയുടെ ആദ്യസമ്മേളനം പെരുന്നാളിന് ശേഷം ആറിന് തുടങ്ങാനാണ് ആലോചന. അതേപോലെ സ്പീക്കർ തെരഞ്ഞെടുപ്പ് പത്തിനാകും. സഭയെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതിയുടെ പ്രസംഗവുമുണ്ടാകും. നന്ദിപ്രമേയ ചർച്ചയുടെ മറുപടി നല്കിക്കൊണ്ടാവും മോദിയുടെ ആദ്യ പ്രസംഗം.